ദാർ എസ് സലാം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ മുടങ്ങിയ സാഹചര്യത്തിൽ കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഡാർ എസ് സലാമിൽ നിന്ന് പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ജൂൺ ഏഴാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30നാണ് വിമാനം ടാന്‍സാനിയയില്‍ നിന്ന് പുറപ്പെട്ടത്.

അത്യാവശ്യ കാരണങ്ങള്‍ക്ക് കൊണ്ട് നാട്ടിലേക്കു മടങ്ങേണ്ട മലയാളികൾക്കായി ടാൻസാനിയയിലെ മലയാളി അസോസിയേഷനായ കലാമണ്ഡലം ടാൻസാനിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക വിമാനം സജ്ജമാക്കിയത്. 127 മലയാളികളാണ് ഈ വിമാനത്തിൽ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ എത്തിച്ചേര്‍ന്നത്. യാത്രക്കാരിൽ 8 ഗർഭിണികളും 15 കുട്ടികളുമുണ്ടായിരുന്നു. വിമാനങ്ങൾ ഇല്ലാത്തതു മൂലം യാത്ര മുടങ്ങിയിരുന്ന കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള യാത്രക്കാർക്ക് പ്രത്യേക വിമാനം അനുഗ്രഹമായി.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ച എല്ലാ ആരോഗ്യ മുൻകരുതലുകളും പാലിച്ചായിരുന്നു വിമാന സർവീസെന്ന് കലാമണ്ഡലം ടാൻസാനിയ സെക്രട്ടറി സൂരജ് കുമാർ അറിയിച്ചു. പ്രത്യേക സര്‍വീസിനായി എല്ലാ സഹായവും ചെയ്ത  മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവര്‍ക്ക് കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ എബ്രഹാം പ്രത്യേക നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെയും, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും ഓഫീസുകൾ എല്ലാ സഹായങ്ങളുമായി നിരന്തരം കൂടെ ഉണ്ടായിരുന്നത് കാര്യങ്ങൾ വേഗത്തിലാക്കി. നോർക്കയുടെ സഹായങ്ങളുമുണ്ടായെവന്ന് വിപിൻ അബ്രഹാം പറഞ്ഞു.