സ്കൂളിലെ സൂപ്പര്‍വൈസറുടെ ചുമതലയുള്ള അധ്യാപികയാണ് ശിക്ഷിച്ചത്. വിദ്യാര്‍ത്ഥിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമെ സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തനാവാത്തതിനാല്‍ 12 ദിവസം സ്കൂളില്‍ പോകാന്‍ തയ്യാറായതുമില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഷാര്‍ജ: സ്കൂളില്‍ യൂണിഫോമിനൊപ്പം കളര്‍ ഷൂ ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയ അധ്യാപികക്കെതിരെ ഷാര്‍ജ പ്രോസിക്യൂഷന്‍ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കടുത്ത ചൂടില്‍ ചെരിപ്പ് ധരിക്കാന്‍ അനുവദിക്കാതെ സ്കൂളിന് ചുറ്റും നടത്തിച്ചെന്നാണ് പരാതി. ഷാര്‍ജയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ കാലില്‍ ഗുരുതരമായി പരിക്കേറ്റുവെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.
സ്കൂളിലെ സൂപ്പര്‍വൈസറുടെ ചുമതലയുള്ള അധ്യാപികയാണ് ശിക്ഷിച്ചത്. വിദ്യാര്‍ത്ഥിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമെ സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തനാവാത്തതിനാല്‍ 12 ദിവസം സ്കൂളില്‍ പോകാന്‍ തയ്യാറായതുമില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍വെച്ച് കുട്ടിയെ അപമാനിച്ചു. കഠിനമായ ചൂടില്‍ നഗ്നപാദനായി നടത്തിച്ചു. സ്കൂള്‍ സമയം കഴിഞ്ഞശേഷം ബസില്‍ കയറുന്നത് വരെയും കുട്ടി ഷൂസിനായി യാചിച്ചെങ്കിലും അധ്യാപിക തിരിച്ചുനല്‍കിയില്ല. സ്കൂള്‍ ബസിന്റെ ഡ്രൈവറാണ് ഷൂസ് എടുത്ത് കുട്ടിയ്ക്ക് കൊടുത്തത്.
സംഭവം വിവാദമായതോടെ സ്കൂളിലെ ചില ജീവനക്കാര്‍ മുന്‍കൈയ്യെടുത്ത് വിഷയം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധ്യാപിക വഴങ്ങിയില്ല. തന്റെ നിര്‍ദ്ദേശങ്ങള്‍ അധ്യാപിക അംഗീകരിച്ചില്ലെന്ന് പ്രിന്‍സിപ്പലും പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാനായി പ്രോസിക്യൂഷന് കൈമാറിയത്.
