ഭാര്യയുടെ അവിഹിതം പിടിക്കാന്‍ പര്‍ദ്ദ ധരിച്ച് ദുബായ് മെട്രോയിലെത്തി, ഊരാക്കുടുക്കിലായി

ദുബായ്: ഭാര്യയുടെ അവിഹിതം പിടിക്കാന്‍ പര്‍ദ്ദ ധരിച്ച് ദുബായിലെത്തിയ ഇന്ത്യക്കാരനായ ഭര്‍ത്താവിന് കോടതി 2000 ദിര്‍ഹം പിഴയിട്ടു. ഭാര്യയുടെ അവിഹിത ബന്ധം രഹസ്യമായി നിരീക്ഷിച്ച് കണ്ടുപിടിക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ദുര്‍നടപ്പ് കണ്ടെത്താനാണ് താനിങ്ങനെ ചെയ്തതെന്നും തന്നെ വിട്ടയക്കണമെന്നുമായിരുന്നു പ്രതി കോടതിയില്‍ ആവശ്യപ്പെട്ടത്.

ഇത് പരിഗണിച്ച കോടതി 2000 ദിര്‍ഹം പിഴ അടക്കാന്‍ വിധിച്ചു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് പ്രോസിക്യൂട്ടേഴ്സ് അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് ആവശ്യം. പുരുഷനായ ആള്‍ സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് തെറ്റദ്ധാരണ ഉണ്ടാക്കിയെന്ന് പ്രോസിക്യൂട്ടേഴ്സ് വാദിച്ചു. അപ്പീല്‍ ഈ മാസം അവസാനത്തോടെ പരിഗണിക്കും.

ഭാര്യയുടെ അവിഹിത ബന്ധത്തില്‍ കടുത്ത സംശയം ഉണ്ടായിരുന്ന പ്രതി ഏപ്രിലില്‍ ആണ് ദുബായ് മെട്രോയില്‍ പിടിയിലാകുന്നത്. ദുബായ് മെട്രോയില്‍ വച്ച് ഇന്ത്യക്കാരിയായ ഭാര്യ ഒരാളുമായി ഡേറ്റിങ് തീരുമാനിച്ചിട്ടുണ്ടെന്ന ധാരണയിലായിരുന്നു യുവാവെത്തിയത്. ഭാര്യയെ കയ്യോടെ പിടികൂടാനെത്തിയ യുവാവിനെ മെട്രോ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടി. 

ദെയ്റയിലെ കടയില്‍ നിന്ന് പര്‍ദ്ദയും ബുര്‍ഖയും അടിവസ്ത്രങ്ങളും മറ്റൊരു കടയില്‍ നിന്ന രണ്ട് നാരങ്ങയും വാങ്ങിയെന്ന് കോടതിയില്‍ പ്രോസിക്യൂട്ടേഴ്സ് തെളിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പര്‍ദ്ദയും ബുര്‍ഖയും ധരിച്ച് സ്ത്രീ ശരീരത്തോട് സാമ്യമുള്ള തരത്തില്‍ രൂപമാറ്റം വരുത്തുകയും ചെയ്ത ശേഷമാണ് ഇയാള്‍ മെട്രോയിലെത്തിയത്.

സംഭവത്തില്‍ നടന്ന കാര്യങ്ങളെല്ലാം യുവാവ് കോടതിയില്‍ തുറന്നുപറഞ്ഞ് കുറ്റം ഏറ്റുപറഞ്ഞു. ഭാര്യ ചതിക്കുകയാണെന്ന് തോന്നി, ഫോണില്‍ മെട്രോയില്‍ കാണാമെന്ന് പറയുന്നത് കേട്ടാണ് ഭാര്യയെ പന്തുടര്‍ന്നത്. കടയില്‍ നിന്ന് അടിവസ്ത്രങ്ങളും പര്‍ദ്ദയും ബുര്‍ക്കയും വാങ്ങി മാറിടത്തിന്‍റെ രൂപമാറ്റം വരുത്താനായി രണ്ട് നാരങ്ങയും സംഘടിപ്പിച്ചാണ് വേഷമാറ്റം നടത്തിയത്. മറ്റൊരു കുറ്റകൃത്യങ്ങളും നടത്താന്‍ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.