റിയാദ്​: ദുരിതങ്ങളുടെ ഗദ്ദാമ ജീവിത്തിൽ നിന്ന്​ രക്ഷപ്പെട്ട തമിഴ്​നാട്​ സ്വദേശി ബർകത്ത്​ നാട്ടിലെത്തി. നാല് മാസം മുമ്പ്​ വീട്ടുജോലിക്ക്​ എത്തി നരകയാതന അനുഭവിച്ച നാഗപട്ടണം സ്വദേശിനി ബർകത്തിന്​​ (55) സുമനസുകളുടെ ഇടപെടലാണ്​ തുണയായത്​. സ്വന്തം നാട്ടുകാരനാണ്​ ചതിച്ചത്​. അയാൾ നൽകിയ വിസയിലാണ്​ സൗദി അറേബ്യയിലേക്ക്​ വിമാനം കയറിയത്​.

റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ദവാദ്​മിയിലെ സ്​പോൺസറുടെ വീട്ടിലെത്തിയ​പ്പോഴാണ്​ കാത്തിരിക്കുന്നത്​ മൂന്ന്​ വീടുകളുടെ രാപ്പകൽ ജോലിയാണെന്ന്​. സ്​പോൺസറുടെയും ബന്ധുക്കളുടെയും മൂന്ന് വീടുകളിൽ 18 മണിക്കൂർ വരെ ജോലി​ ചെയ്യണമായിരുന്നു​. ജോലിഭാരത്തിന്​ പുറമെ കൃത്യമായ ഭക്ഷണവും ഉറക്കവും കൂടിയില്ലാതായതോടെ ശാരീരികവും മാനസികവുമായി അവശനിലയിലായി.

വിസ നൽകിയ ഇടനിലക്കാരൻ സ്പോൺസറിൽ നിന്ന് 20,000ത്തോളം റിയൽ കൈപ്പറ്റുകയും ബർകത്തിനെ ചൂഷണം ചെയ്യുകയുമായിരുന്നു. ഈ നിലയിൽ മുന്നോട്ട്​ പോകാനാവില്ലെന്നും നാട്ടി​ലേക്ക്​ തിരിച്ചയക്കണമെന്നും ബർകത്ത്​ പരാതി പറഞ്ഞപ്പോൾ രണ്ടു വർഷത്തെ കരാർ കഴിയാതെ തിരിച്ചയക്കില്ലെന്ന നിലപാടെടുത്തു​ സ്​പോൺസർ. അല്ലെങ്കിൽ ഏജൻറ്​ തന്‍റെ കൈയ്യിൽ നിന്ന്​ വാങ്ങിയ പണം മടക്കി നൽകണമെന്നും സ്​പോൺസർ ആവശ്യപ്പെട്ടു.

ഇതോടെ എന്ത്​ ചെയ്യണമെന്നറിയാത്ത അവസ്ഥയിലായ ബർകത്തി​ന്‍റെ വിവരമറിഞ്ഞ്​ ദവാദ്മിയിലെ  ഐ സി എഫ് പ്രവർത്തകർ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. സ്‌പോൺസറെ ഇവർ ബന്ധപ്പെടുകയും ഏജൻറ്​ വാങ്ങിയ പണത്തി​െൻറ പകുതി,10,000 റിയാൽ മടക്കി നൽകാം എന്ന വ്യവസ്ഥയിൽ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.