വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണന വിഷയത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണന വിഷയത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. വിഷയത്തിൽ തന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും യുഡിഎഫ് എന്ത് തീരുമാനമെടുക്കുന്നു അത് അംഗീകരിക്കും, ഏത് മദ്യ വില്പന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം. ബജറ്റിലെ നിർദ്ദേശം എക്സൈസ് മന്ത്രി അറിയണമെന്നില്ല. വീര്യം കുറഞ്ഞ ബക്കാഡി മദ്യം സംസ്ഥാനത്ത് ആദ്യം ഇറക്കിയത് എൽഡിഎഫ് സർക്കാരാണ്. അത് സൈനിക കാന്‍റീനുകൾ വഴി വിൽക്കുന്നുമുണ്ട്. വി എം സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ് എന്നും എം ലിജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വിൽപ്പന നികുതിയെന്ന നിര്‍ദ്ദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വിൽപന അനുമതിയിൽ തീരുമാനം യുഡിഎഫിന് വിട്ടത്. മതമേലലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വിൽപ്പനാനുമതി യുഡിഎഫിനോട് തേടുന്നത്. യു ടേൺ എന്ന് തോന്നിപ്പിക്കുമ്പോഴും വിവാദമായ നികുതിഘടന പിൻവലിക്കുന്നില്ല. യുഡിഎഫ് അനുമതി കിട്ടിയാൽ ബജറ്റ് നിര്‍ദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയത്. നികുതി കുറച്ചത് അതേ പടി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വന്നാൽ മദ്യകമ്പനികൾക്ക് അപേക്ഷയുമായി സമീപിക്കാം. നയം തീരുമാനിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ നിരസിച്ചാൽ കോടതിയിൽ പോകാം.