ജൂലൈ 8നായിരുന്നു താജുദ്ധീന്റെ മകളുടെ നിക്കാഹ്. നിക്കാഹിനായി പത്ത് ദിവസത്തേക്ക് നാട്ടിൽ വന്ന താജുദ്ദീനെ ആഗസ്ത് 11ന് പാതിരാത്രി ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരളശേരിയിൽ വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങൾ കാട്ടിയായിരുന്നു ഇത്. പിന്നീട് 52 ദിവസം റിമാൻഡിൽ. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം
കണ്ണൂര്‍: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ശാസ്ത്രീയ തെളിവുകളില്ലാതെ രൂപ സാദ്യശ്യം മാത്രം നോക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ നിയമനടപടിക്ക് പ്രവാസി. മകളുടെ നിക്കാഹിന് നാട്ടിലെത്തിയ കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീനാണ് കേസിൽപ്പെട്ട് തിരികെപ്പോകാനാകാതെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുന്നത്. പൊലീസ് ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളോട് സാമ്യമുള്ള ക്രിമിനൽ കേസ് പ്രതിയുടെ ഫോട്ടോകൾ സഹിതമാണ് താജുദ്ദീൻ നിയമനടപടിക്ക് ഒരുങ്ങുന്നത്.
ജൂലൈ 8നായിരുന്നു താജുദ്ധീന്റെ മകളുടെ നിക്കാഹ്. നിക്കാഹിനായി പത്ത് ദിവസത്തേക്ക് നാട്ടിൽ വന്ന താജുദ്ദീനെ ആഗസ്ത് 11ന് പാതിരാത്രി ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരളശേരിയിൽ വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങൾ കാട്ടിയായിരുന്നു ഇത്. പിന്നീട് 52 ദിവസം റിമാൻഡിൽ. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം.
നിയമനടപടിയുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾക്കൊപ്പം തന്റെ രൂപസാദ്യശ്യമുള്ള സമാനമായ കേസിൽ ജയിലിലായ വടകര സ്വദേശിയുടെ ഫോട്ടോകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വടകര, മങ്കട സ്റ്റേഷനിലെ ക്രിമിനൽ കേസുകളിൽ മുക്കം പൊലീസ് പിടികൂടിയ ഇയാളിപ്പോൾ കോഴിക്കോട് സബ് ജയിലിലാണ്. ശരീരത്തിന് പുറമെ, കൈയിലെ വളയും വാച്ചുമടക്കം ഒറ്റനോട്ടത്തിൽ സാദൃശ്യം വ്യക്തമാകുമ്പോഴും ഈ സാധ്യത ഇതുവരെ പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് ചക്കരക്കൽ പൊലീസ് സമ്മതിക്കുന്നു. ഇതടക്കം കാട്ടിയാണ് പരാതി.
പരാതിക്കാരിയടക്കം 5 സാക്ഷികൾ തിരിച്ചറിഞ്ഞെന്നതാണ് പിടിയിലായത് യഥാർത്ഥ പ്രതിയാണെന്ന് സ്ഥാപിക്കാൻ പൊലീസ് ഉയർത്തുന്ന വാദം. എന്നാൽ മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടറോ തൊണ്ടിമുതലായ അഞ്ചരപ്പവൻ മാലയോ പോലും കണ്ടെടുക്കാൻ പൊലീസിനായിട്ടുമില്ല. ടി.വി ഇബ്രാഹിം എം.എൽ.എയുടെ സഹായത്തോടെയാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ശ്രമങ്ങൾ.
