സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി ലഭിച്ചതും കൂടുതല്‍ സ്വദേശി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനായി മുന്നോട്ടു വന്നതും ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.

അബുദാബി: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ടു ശതമാനമാണ് കുറവ്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി ലഭിച്ചതും കൂടുതല്‍ സ്വദേശി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനായി മുന്നോട്ടു വന്നതും ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം കുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 31 നു അവസാനിച്ച ആദ്യപാദ കണക്കുപ്രകാരം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 13,570 പേരുടെ കുറവാണുണ്ടായത്.

പുതിയ കണക്കു പ്രകാരം സൗദിയില്‍ 13,63,324 ഹൗസ് ഡ്രൈവര്‍മാരാണുള്ളത്. ആകെ 23,99,103 വീട്ടു ജോലിക്കാരുമുണ്ട്. ഇതില്‍ വീടുകളിലെ സേവന -ക്ലീനിംഗ് തൊഴിലാളികളായി 6,84,622 സ്ത്രീകളും 2,36,593 പുരുഷന്മാരും ജോലി ചെയ്യുന്നു. ഈ വര്‍ഷം ആദ്യ മൂന്നു മാസം വിദേശതൊഴിലാളികളെ റിക്രൂട്ടു ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം അനുവദിച്ചത് 3,41,467 വിസയാണ്.

ഇതില്‍ 64.8 ശതമാനവും ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.