റിയാദ്: സൗദി അറേബ്യയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് മൂന്നംഗസംഘം സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷണം.  റിയാദില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നതാണിതെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയില്‍ ആളൊഴിഞ്ഞ റോഡിലായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറിനടുത്ത് മറ്റൊരു കാര്‍ കൊണ്ടുനിര്‍ത്തിയ ശേഷം അതില്‍ നിന്നാണ് മൂന്നംഗം സംഘം പുറത്തിറങ്ങുന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ സംഘത്തിലൊരാള്‍ അനായാസം കാറിന്റെ മുന്‍ വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു. ശേഷം കാറിനുള്ളില്‍ നിന്ന് മൂവരും സാധനങ്ങള്‍ എടുക്കുകയും സാവധാനം അവിടെ നിന്ന് രക്ഷപെടുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കാറുടമ തൊട്ടടുത്ത പള്ളിയില്‍ പോയിരുന്ന സമയത്താണ് മോഷണം നടത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.