അബുദാബി: മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് കര്‍ശനമായ നിബന്ധനകളാണ് യുഎഇയിലുള്ളത്. ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. 

പൊതുസ്ഥലത്ത് കുറ്റകരം
പൊതുസ്ഥലത്തും പൊതുനിരത്തിലുമുള്ള മദ്യപാനം യുഎഇയില്‍ നിയമവിരുദ്ധമാണ്. . ലൈസന്‍സുള്ളവര്‍ക്ക് പ്രത്യേക സ്റ്റോറുകളില്‍ നിന്ന് മദ്യം വാങ്ങാം. മദ്യപിക്കുന്നതിന് ലൈസന്‍സ് വാങ്ങുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം. അല്ലെങ്കില്‍ പിടിക്കപ്പെടും. ലൈസന്‍സ് ഉള്ള റസ്റ്റോറന്റുകളില്‍ നിന്നും ഹോട്ടലുകളുടെ ഭാഗമായ ബാറുകളില്‍ നിന്നും മദ്യപിക്കാം

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ജയിലിലാവും
മദ്യം ഉപയോഗിച്ച ശേഷമോ മദ്യലഹരിയിലോ വാഹനം ഓടിക്കുന്നത് കുറ്റകരമാണ്. യുഎഇയിലെ ആകെ വാഹനാപകടങ്ങളില്‍ 14.33 ശതമാനവും ഡ്രൈവര്‍മാരുടെ മദ്യപാനം കൊണ്ടുണ്ടാവുന്നവയാണെന്നാണ് കണക്ക്.  മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെ (3.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും കോടതി നിശ്ചയിക്കുന്ന ജയില്‍ ശിക്ഷയും ലഭിക്കും. ലൈസന്‍സില്‍ 23 ബ്ലാക് പോയിന്റുകള്‍ക്ക് പുറമെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയോ രണ്ട് വര്‍ഷം വരെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റ് ചെയ്യുകയോ ചെയ്യാനും നിയമത്തില്‍ വകുപ്പുണ്ട്.

ജോലി സ്ഥലത്ത് മദ്യപിച്ചാല്‍
ജോലി സ്ഥലത്തെ മദ്യപാനത്തിനും മദ്യപിച്ച് ജോലിക്ക് പോകുന്നതിനും വലിയ വില കൊടുക്കേണ്ടിവരും. ജോലി സ്ഥലത്തുള്ള മറ്റുള്ളവര്‍ക്ക് കൂടി ഭീഷണിയാകുമെന്നതിനാല്‍ മദ്യപിച്ച് ജോലിക്കെത്തുന്നവരെ മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ പിരിച്ചുവിടാന്‍ മേലധികാരിക്ക് അവകാശമുണ്ട്.

ഡ്യൂട്ടി ഫ്രീ പരിധി
4 ലിറ്റര്‍ വരെ മദ്യവും അല്ലെങ്കില്‍ രണ്ട് കാര്‍ട്ടണ്‍ ബിയറുമാണ് (ഓരോന്നിലും 24 കാനുകള്‍, ഓരോ കാനുകളിലും 355 മില്ലി ലിറ്ററില്‍ താഴെ അളവ്) പരമാവധി അനുവദിച്ചിരിക്കുന്നത്. സിഗിരറ്റോ മദ്യമോ രാജ്യത്തേക്ക് കൊണ്ടുവരാന്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം.

മദ്യപാനത്തിനുള്ള ലൈസന്‍സ്
മുസ്ലിമല്ലാത്തവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. ലൈസന്‍സ് ലഭിച്ചാല്‍ മദ്യം ഉപയോഗിക്കുകയോ വാങ്ങുകയോ ചെയ്യാം. ഇതിനുള്ള നിബന്ധനകള്‍ ഇവയാണ്.

  • 21 വയസിനുമുകളില്‍ പ്രായം
  • താമസ വിസയുണ്ടായിരിക്കണം
  • മുസ്ലിം ആയിരിക്കാന്‍ പാടില്ല
  • മാസം കുറഞ്ഞത് 3000 ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണം.

പാസ്പോര്‍ട്ട്, വിസ, വാടക കരാര്‍ എന്നിവയുടെ പകര്‍പ്പും ലേബര്‍ കോണ്‍ട്രാക്ട്, സാലറി സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. ലൈസന്‍സിന് നിശ്ചിത ഫീസും നല്‍കണം. അപേക്ഷയുടെ നടപടിക്രമങ്ങള്‍ക്ക് ഏകദേശം രണ്ടാഴ്ച സമയമെടുക്കും. കമ്പനി വഴിയാണ് ലൈസന്‍സിന് അപേക്ഷക്കുന്നതെങ്കില്‍ കമ്പനിയുടെ സീലും തൊഴിലുടമയുടെ ഒപ്പും ആവശ്യമാണ്. ഫ്രീ സോണിലാണ് ജോലി ചെയ്യുന്നതെങ്കില്‍ കമ്പനിക്ക് ഫ്രീ സോണ്‍ അതോരിറ്റിയുടെയും അനുമതി വേണം.

സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ അപേക്ഷയോടൊപ്പം ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പ് നല്‍കണം. ദമ്പതികള്‍ക്ക് ലൈസന്‍സ് ആവശ്യമുണ്ടെങ്കില്‍ ഭര്‍ത്താവ് അപേക്ഷ നല്‍കണം. ഭാര്‍ത്താവിന്റെ എന്‍ഒസി ഉണ്ടെങ്കിലേ ഭാര്യയ്ക്ക് ലൈസന്‍സ് കിട്ടു.  സ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിമിനെയാണെങ്കില്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള കത്ത് ആവശ്യമാണ്. അങ്ങനെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിച്ചാലും ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം.