റിയാദ്: കൊവിഡിനെ തുടർന്ന് നിർത്തിവെച്ചതിന് ശേഷം പുനഃരാരംഭിച്ച ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്ച രാവിലെ തുടക്കം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി അനുമതി നൽകുന്ന ഈ ഘട്ടത്തിൽ മൊത്തം തീർത്ഥാടകരുടെ പ്രതിദിന എണ്ണം കൂടും. 

ഒന്ന്, രണ്ട് ഘട്ടങ്ങളിൽ രാജ്യത്തിനകത്തുള്ള സ്വദേശികളും വിദേശികളുമായവർക്കായിരുന്നു ഉംറക്ക് അവസരം നൽകിയിരുന്നത്. മൂന്നാംഘട്ടത്തിൽ പ്രതിദിനം 20,000 പേർക്ക് ഉംറ ചെയ്യാനും 60,000 പേർക്ക് നമസ്കരിക്കാനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് മൂന്നാംഘട്ടത്തിലും തീർഥാടകർക്കും നമസ്‍കരിക്കരിക്കാനെത്തുന്നവർക്ക് ഹറമിലേക്ക് പ്രവേശനം നൽകുക. 

തീർഥാടകരുടെയും നമസ്‍കരിക്കാനെത്തുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങൾ ഇരുഹറം കാര്യാലയം പൂർത്തിയാക്കിട്ടുണ്ട്. മൂന്നാംഘട്ടം ആരംഭിച്ച ഞായറാഴ്ച സുബ്ഹി നമസ്കാരത്തിന് നിശ്ചിത എണ്ണമനുസരിച്ചാണ് തീർഥാടകരെയും നമസ്‍കരിക്കാനെത്തിയവരെയും ഹറമിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. നിരവധി പേരാണ് ഹറമിൽ സുബ്ഹി നമസ്കാരം നിർവഹിച്ചത്.