റിയാദ്: ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചത്.

അനധികൃത താമസക്കാര്‍ക്കാര്‍ക്ക് ജോലിയോ, താമസ സൗകര്യമോ, യാത്രാ സംവിധാനങ്ങളോ ഒരുക്കിക്കൊടുക്കാന്‍ പാടില്ല. വിദേശകളാണ് ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നതെങ്കില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. നിയമലംഘകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കും. 

ഇഖാമ നിയമ ലംഘകരെയോ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയോ കണ്ടെത്തിയാല്‍ അക്കാര്യം സുരക്ഷാ വകുപ്പുകളെ അറിയിക്കണം. ഇത്തരക്കാരെ രാജ്യത്തുനിന്ന് പൂര്‍ണമായി ഒഴിവാക്കുന്ന നടപടിയില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.