കുവൈത്ത് സിറ്റി: കുവൈത്തില്‍ ടയര്‍ സംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 1.33നാണ് ഷഖായയില്‍ തീപ്പിടുത്തമുണ്ടായത് സംബന്ധിച്ച് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് വിവിധ ഫയര്‍ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

10 ലക്ഷം ചതുരശ്ര അടിയോളം വിസ്‍തൃതിയുള്ള സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ടയറുകള്‍ കത്തിനശിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.