കുവൈത്ത് സിറ്റി: അവധി എടുക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വില്‍പ്പന നടത്തിയ മൂന്നുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇവരില്‍ രണ്ടുപേര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന സ്വദേശി സ്ത്രീകളാണ്.

ഡോക്ടര്‍മാര്‍ക്ക് പകരം മെഡിക്കല്‍ വിവരങ്ങള്‍ ഇവര്‍ തന്നെ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കുകയും ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു. അദാന്‍ ആശുപത്രിയിലെ ഡോക്ടറുടെ സീല്‍ ദുരുപയോഗം ചെയ്താണ് ഇവര്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയിരുന്നത്. തുടര്‍നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഘത്തിലെ നാലാമത്തെയാളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ ഇവര്‍ എത്രകാലമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കുന്നെന്നും ഇതിലൂടെ സമ്പാദിച്ച പണത്തിന്റെ കണക്കും അധികൃതര്‍ അന്വേഷിക്കുകയാണ്.