വാഹനമോടിച്ചയാളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് ആദ്യം ചെറിയ അപകടം പറ്റിയതോടെ ഇവര്‍ വാഹനം റോഡിന്റെ മദ്ധ്യത്തില്‍ തന്നെ നിര്‍ത്തുകയായിരുന്നു. 

ദുബായ്: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായ് അല്‍ഐന്‍ റോഡിലുണ്ടായ അപകടത്തില്‍ പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഫയാസും (29) ഭാര്യയും സഹോദരിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

വാഹനമോടിച്ചയാളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് ആദ്യം ചെറിയ അപകടം പറ്റിയതോടെ ഇവര്‍ വാഹനം റോഡിന്റെ മദ്ധ്യത്തില്‍ തന്നെ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് അപകടവിവരം പറഞ്ഞു. മിനിറ്റുകള്‍ക്കകം പിന്നാലെ അതിവേഗത്തില്‍ വന്ന വാഹനം ഇവരുടെ കാറിനെ ഇടിച്ചുതെറിപ്പിച്ചു.

അറബ് പൗരനായിരുന്നു പിന്നാലെ വന്ന കാറോടിച്ചിരുന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. അപകടത്തില്‍ പെട്ട കുടുംബം സഞ്ചരിച്ചിരുന്നത് ചെറിയ വാഹനത്തിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ കാര്‍ ദൂരേക്ക് തെറിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും മരിച്ചു. ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്.