ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ 65കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് അറബ് സഹോദരങ്ങള്‍ക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം ചുമത്തി. 18ഉം 23ഉം വയസ്സുള്ള യുവാക്കള്‍ക്കെതിരെ ഷാര്‍ജയില്‍ വിചാരണ തുടങ്ങി. ഷാര്‍ജ അപ്പീല്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മധ്യവയസ്‌കന്‍റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ യുവാക്കള്‍ ഇവിടെ നിന്ന് പണം മോഷ്ടിച്ചു. ഇത് കണ്ട ഇയാള്‍ ഇവര്‍ക്ക് പിന്നാലെ ഓടി. രക്ഷപ്പെടുന്നതിനിടെ പ്രതികളിലൊരാള്‍ ഓടിച്ച എസ് യു വി  വാഹനത്തില്‍ മധ്യവയ്‌സകനും കയറി. തുടര്‍ന്ന് ഇവര്‍ ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞ്, ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ കടയുടമയായ 65കാരന്‍ മരിച്ചതായി കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. കൊലപാതകക്കുറ്റത്തിന് പുറമെ മോഷണം, ട്രാഫിക് നിയമലംഘനം, സംഭവം പൊലീസില്‍ അറിയിക്കാത്തത് എന്നിങ്ങനെയുള്ള കുറ്റങ്ങളിലും പ്രതികള്‍ വിചാരണ നേരിടുകയാണ്. കൂടാതെ തങ്ങളുടെ എസ് യു വിയുടെ നമ്പര്‍ പ്ലേറ്റ് മറ്റൊരു വാഹനത്തിന്റേതുമായി മാറ്റിയതിന് മുഖ്യപ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്.