Asianet News MalayalamAsianet News Malayalam

കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങി; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

കുട്ടികളെ കാണാനില്ലെന്ന് മനസിലായതോടെ തെരച്ചില്‍ തുടങ്ങി. സമീപത്തുള്ള ബന്ധുവീട്ടിലും അന്വേഷിച്ചു. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് കാറിനുള്ളില്‍ പരിശോധിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.

two children suffocated to death inside car in oman
Author
Muscat, First Published May 14, 2019, 2:44 PM IST

മസ്കത്ത്: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മസ്കത്തില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ജഅലാന്‍ ബനീ ബുഅലിയിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൂന്നും അഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ കാര്‍ നിര്‍ത്തിയിട്ട് പോയപ്പോള്‍ ലോക്ക് ചെയ്യാന്‍ മറന്നതാണ് പിന്നീട് അപകട കാരണമായത്.

വീട്ടില്‍ ബന്ധുക്കളെല്ലാം ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. കുട്ടികളെ കാണാനില്ലെന്ന് തിരച്ചറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലുണ്ടായിരുന്നവര്‍ അന്വേഷണം തുടങ്ങിയിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളുടെ പിതാവ് കാര്‍ കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ശേഷം ലോക്ക് ചെയ്തിരുന്നില്ല. എല്ലാവരും വീട്ടിനുള്ളിലായിരുന്ന സമയത്ത് കുട്ടികള്‍ കാറിനുള്ളില്‍ കയറുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന് മനസിലായതോടെ തെരച്ചില്‍ തുടങ്ങി. സമീപത്തുള്ള ബന്ധുവീട്ടിലും അന്വേഷിച്ചു. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് കാറിനുള്ളില്‍ പരിശോധിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.

കാറിനുള്ളിലെ അസഹ്യമായാ ചൂടായിരിക്കാം കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പകല്‍ സമയങ്ങളില്‍ ഈ പ്രദേശത്ത് 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോകുന്ന സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ചൂടുള്ള സമയങ്ങളില്‍ കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങിയാല്‍ അത്യാഹിതങ്ങള്‍ സംഭവിക്കും. കാറില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കുട്ടികളും പുറത്തിറങ്ങിയെന്ന് ഉറപ്പാക്കുകയും കുട്ടികള്‍ തനിച്ച് അകത്ത് കയറാതിരിക്കാന്‍ ഡോറുകള്‍ ലോക്ക് ചെയ്യുകയും വേണമെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios