കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടങ്ങള്‍ സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പട്രോള്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. 

ദുബൈ: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു. കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ബീച്ചുകള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന് ഉമ്മുല്‍ഖുവൈന്‍ കോംപ്രഹെന്‍സവ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ശംസി പറഞ്ഞു. 

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടങ്ങള്‍ സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പട്രോള്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. ആദ്യത്തെ സംഭവത്തില്‍ ഒരു പ്രവാസിയാണ് മുങ്ങി മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പൊലീസിന്റെ രക്ഷാപ്രവര്‍ത്തക സംഘം രക്ഷപ്പെടുത്തി. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തില്‍ കടലില്‍ മുങ്ങിയ അറബ് സ്വദേശിയെ രക്ഷപ്പെടുത്തി ശൈഖ് ഖലീഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാല്‍ അവിടെ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്ന് ബ്രിഗേഡിയര്‍ അല്‍ ശംസി പറഞ്ഞു. സുരക്ഷാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഒരിക്കലും അവഗണിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.