Asianet News MalayalamAsianet News Malayalam

യുഎഇയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപ്പിടുത്തം; രണ്ട് പ്രവാസികള്‍ മരിച്ചു

അപ്പാര്‍ട്ട്മെന്റിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഷാര്‍ജ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ.

Two Filipinas suffocated as fire erupts in their partitioned apartment
Author
Sharjah - United Arab Emirates, First Published Feb 4, 2021, 10:38 PM IST

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്‍ച രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഫിലിപ്പൈന്‍സ് സ്വദേശികള്‍ മരിച്ചു. അല്‍ താവുനില്‍ ചെറു യൂണിറ്റുകളായി വേര്‍തിരിച്ച ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു അപകടം. തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് രണ്ട് പേരും മരണപ്പെട്ടത്.

അപ്പാര്‍ട്ട്മെന്റിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഷാര്‍ജ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. അപകടം നടന്ന ഫ്ലാറ്റില്‍ ഒരു ഡസനിലധികം ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് ഷാര്‍ജ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അപ്പാര്‍ട്ട്മെന്റിനെ വളരെ ചെറിയ മുറികളായി വേര്‍തിരിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണ്. അപകടങ്ങളുണ്ടാവുമ്പോള്‍ താമസക്കാരുടെ ജീവന് തന്നെ ഭീഷണിയാവുന്ന നടപടിയാണിത്. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രാവിലെ 7.30ഓടെയാണ് അപകടം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഞ്ച് മിനിറ്റിനുള്ളില്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തുകയും പത്ത് മിനിറ്റിനുള്ളില്‍ തീ അണയ്‍ക്കുകയും ചെയ്‍തു. അഗ്നിശമന സേനയുടെ ഫലപ്രദമായ ഇടപെടലിലൂടെ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ വ്യാപിക്കാതെ തടയാനും സാധിച്ചു.

Follow Us:
Download App:
  • android
  • ios