വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ലഗേജ് പരിശോധനയില്‍ ഒരാളുടെ പക്കല്‍ നിന്ന് 100 ഗുളികകളും മറ്റൊരാളുടെ പക്കല്‍ നിന്ന് 350 ഗുളികകളുമാണ് അധികൃതര്‍ കണ്ടെടുത്തത്. 

കുവൈത്ത് സിറ്റി: നിരോധിത മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. 450 ട്രമഡോള്‍ ഗുളികകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ലഗേജ് പരിശോധനയില്‍ ഒരാളുടെ പക്കല്‍ നിന്ന് 100 ഗുളികകളും മറ്റൊരാളുടെ പക്കല്‍ നിന്ന് 350 ഗുളികകളുമാണ് അധികൃതര്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

രേഖകളില്ലാതെ ജോലി ചെയ്‍ത ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരെയും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്ന ഒന്‍പത് പ്രവാസികളെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. സബാഹ് അല്‍ നാസര്‍, മുബാറക് അല്‍ കബീര്‍ ഏരിയകളില്‍ ഗാര്‍ഹിക തൊഴിലാളികളെ എത്തിച്ചുനല്‍കുന്ന ഒരു ഓഫീസില്‍ ജോലി ചെയ്‍തിരുന്നവരായിരുന്നു ഇവര്‍.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഭയം നല്‍കുകയും അവരെ ദിവസ വേതന അടിസ്ഥാനത്തിലോ ഏതാനും മണിക്കൂറുകളിലേക്കോ മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ നിയോഗിക്കുകയും ചെയ്യുന്ന ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ സബാഹ് അല്‍ നാസര്‍, അബ്‍ദുല്ല അല്‍ മുബാറക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. 

അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഏഴ്‍ സ്‍ത്രീകളും രണ്ട് പുരുഷന്മാരും അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന 24 മണിക്കൂറും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ക്രിമിനല്‍ പ്രവൃത്തികളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരില്ലാത്ത സുരക്ഷിത രാജ്യമാക്കി കുവൈത്തിനെ മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.