റിയാദ്: രണ്ട് മലയാളികൾ സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര കുഴികണ്ടി നടക്കാവ് തൈക്കണ്ടി വീട്ടിൽ ഷാഹിൽനാഥ്‌ (44), മലപ്പുറം പാണ്ടിക്കാട് കൊളപറമ്പ മണ്ണറോട്ടിൽ പുത്തൻപുരക്കൽ വീട്ടിൽ മുഹമ്മദ് ആയിഷ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീഫ (48) എന്നിവരാണ് മരിച്ചത്. 

ജോലി കഴിഞ്ഞു താമസ സ്ഥലത്ത് എത്തി കുളിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് ഷാഹിൽനാഥ് മരിച്ചത്. ഏറെ സമയം കഴിഞ്ഞും കാണാഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ വാതിൽ പൊളിച്ചു നോക്കുമ്പോൾ കുളിമുറിയിൽ നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജുബൈൽ ജനറൽ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഭാര്യ: ഷിനില, മകൾ: നയന. 

ജുബൈൽ ലുലു ഹൈപർമാർക്കറ്റിന് എതിർവശത്ത് പ്രവർത്തിക്കുന്ന തറവാട് ഹോട്ടലിലെ ജീവനക്കാരനാണ് മുഹമ്മദ് ഹനീഫ. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അർധരാത്രിയോടെ മരിച്ചു. ഭാര്യ: സീനത്ത്. മക്കൾ: ഫാസ്മിന ഷെറിൻ, ഷിഫാന പർവീൻ, സഫ്‌വാൻ, മുഹമ്മദ് ഫായിസ്. മൃതദേഹം ഇവിടെ ഖബറടക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിന്റെ നേതൃത്വത്തിൽ നടക്കുന്നു.