കുട്ടിയെ ക്ലാസ്മുറിയിലേക്ക് ആരും അനുഗമിച്ചിരുന്നില്ലെന്നും സ്കൂള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ സംഭവിച്ചതായും കോടതി കണ്ടെത്തി. 

ഷാര്‍ജ: എട്ട് വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ രണ്ട് സ്കൂള്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഷാര്‍ജ കോടതിയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കുട്ടിയുടെ മരണത്തില്‍ ജീവനക്കാര്‍ക്ക് അനാസ്ഥ സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. ഇന്ത്യക്കാരനായ റാഷിദ് ഹബീബ് എന്ന എട്ട് വയസ്സുകാരനാണ് മുവേലയിലെ സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചത്.

കുട്ടിയുടെ കുടുംബത്തിന് ബ്ലഡ് മണിയായി 200,000 ദിര്‍ഹം (46 ലക്ഷം ഇന്ത്യന്‍ രൂപ) ഈ സ്കൂള്‍ ജീവനക്കാര്‍ നല്‍കണമെന്നും ഷാര്‍ജ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവില്‍ പറയുന്നു. കീഴ്ക്കോടതി വിധി തള്ളിയാണ് അപ്പീല്‍ കോടതിയുടെ ഉത്തരവ്. രണ്ട് ജീവനക്കാരും 2,000 ദിര്‍ഹം വീതം പിഴ അടയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കുട്ടിയെ സ്കൂള്‍ ബസില്‍ നിന്ന് ക്ലാസ്മുറി വരെ അനുഗമിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ റാഷിദിനൊപ്പം ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

2024 മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഗ്രേഡ് ഒന്നിലെ വിദ്യാര്‍ത്ഥിയായിരുന്ന റാഷിദ് ക്ലാസ്മുറിയിലേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. റാഷിദിനെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. കുട്ടിയുടെ മുഖത്ത് ചതവും കവിളെല്ലില്‍ പൊട്ടലും തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് ഗുരുതര പരിക്കും ഉണ്ടായിരുന്നതായി ഷാര്‍ജ പൊലീസിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍, സംഭവ സമയത്ത് റാഷിദിനെ ജീവനക്കാര്‍ ആരും അനുഗമിച്ചിരുന്നില്ലെന്ന് കണ്ടെത്തി. റാഷിദ് വീഴുന്നതിന് തൊട്ട് മുമ്പ് മറ്റൊരു കുട്ടി റാഷിദിനെ അടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ റാഷിദ് കുഴഞ്ഞുവീഴുന്ന ആ നിമിഷത്തെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഇല്ലായിരുന്നു. ജീവനക്കാര്‍ ആരെങ്കിലും ആ സമയം കുട്ടിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അപകടം ഒഴിവാകാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് നിരീക്ഷിച്ച കോടതി, ജീവനക്കാരുടെ അഭാവം ഗുരുതര അനാസ്ഥയാണെന്ന് വിലയിരുത്തി. തങ്ങള്‍ക്കുണ്ടായത് വലിയ നഷ്ടമാണെന്നും ഒരു ദിവസം പോലും റാഷിദിനെ ഓര്‍ക്കാതെ കടന്നു പോകാറില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.