അബുദാബി: ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്.

ഊര്‍ജം, നിര്‍മ്മാണം, ജലം, ബഹിരാകാശം, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ എന്നീ മേഖലകളിലായിരിക്കും നിക്ഷേപം നടത്തുക. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് നിക്ഷേപ നിധിയുടെ പിന്തുണയുണ്ടാകും. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് തുക സ്വരൂപിക്കുക.  കഴിഞ്ഞ വര്‍ഷം ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പുവെച്ചതിന് ശേഷം ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ചുവരികയാണ്.