അബുദാബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 31 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 664 ആയി.

67 വയസുള്ള ഏഷ്യക്കാരനാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഹൃദ്രേഗവും രക്തസമ്മര്‍ദവും പ്രമേഹവും ഉള്‍പ്പെടെയുള്ള മറ്റ് അസുഖങ്ങളുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ യുഎഇ പൌരന്മാരും അള്‍ജീരിയ, ലെബനോന്‍, പാകിസ്ഥാന്‍, ഇറാന്‍, കുവൈത്ത്, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ഫിലിപ്പൈന്‍സ്, ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക, ഈജിപ്ത്, നേപ്പാള്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.