ടൺ ഫൗണ്ടേഷൻ സിഇഓ മാക്സ് ക്രൗൺ ടൺ ഹോൾഡേഴ്സിന് പത്ത് വർഷത്തെ ഗോൾഡൻ വിസ കരസ്ഥമാക്കാനുള്ള അവസരമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു
ദുബൈ: ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുമെന്ന വാദങ്ങൾ തള്ളി യുഎഇ അധികൃതർ. ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ക്രിപ്റ്റോ നിക്ഷേപകർക്ക് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്നുണ്ടായിരുന്നു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി, സെക്യൂരിറ്റീസ് ആൻഡ് കൊമോഡിറ്റീസ് അതോറിറ്റി, വിർച്ച്വൽ അസറ്റ്സ് റഗുലേറ്ററി അതോറിറ്റി തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗോൾഡൻ വിസ സംബന്ധിച്ച കാര്യത്തിൽ വ്യക്ത വരുത്തിയത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരഭകർ, പ്രഗത്ഭരായ വ്യക്തികൾ, ശാസ്ത്രജ്ഞർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി പ്രത്യേക വിഭാഗങ്ങൾക്കാണ് ദീർഘകാല റസിഡൻസിയുള്ള ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന് ഐസിപി വ്യക്തമാക്കി.
ടൺ ഫൗണ്ടേഷൻ സിഇഓ മാക്സ് ക്രൗൺ കഴിഞ്ഞ ദിവസം ടൺ ഹോൾഡേഴ്സിന് പത്ത് വർഷത്തെ ഗോൾഡൻ വിസ കരസ്ഥമാക്കാനുള്ള അവസരമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. 35,000 ഡോളർ ഫീസും മറ്റ് മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും ഗോൾഡൻ വിസ ലഭിക്കുന്നതെന്നും ക്രൗൺ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുഎഇ അധികൃതർ ഈ വാദം തള്ളിയത്.
ലൈസൻസുള്ള എല്ലാ കമ്പനികൾക്കും ദുബൈ ഗവൺമെന്റിന്റെ വിസ നടപടിക്രമങ്ങൾ ബാധകമാണെന്ന് വിർച്ച്വൽ അസറ്റ്സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ടൺ ഫൗണ്ടേഷന് അതോറിറ്റിയുടെ ലൈസൻസ് ഇല്ലെന്നും വ്യക്തമാക്കി. ദുബൈയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ റസിഡൻസി വിസ ലഭിക്കുമെന്ന വിവരങ്ങൾ തെറ്റാണെന്നും അതോറിറ്റി അധികൃതർ എടുത്തുപറഞ്ഞു. കൂടാതെ പൂർണ്ണമായും ലൈസൻസുള്ളതും നിയന്ത്രിതവുമായ കമ്പനികളുമായി മാത്രം ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തണമെന്നും നിക്ഷേപകരോടും ഉപഭോക്താക്കളോടും അധികൃതർ നിർദേശിച്ചു. ഗോൾഡൻ വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


