വന്‍ ലഹരിമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായത്. ഇതിന്‍റെ സൂത്രധാരന്‍ യുഎഇയ്ക്ക് പുറത്ത് നിന്നാണ് ലഹരിക്കടത്ത് പദ്ധതിയിട്ടത്. 

അബുദാബി: യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അറബ് വംശജരായ രണ്ട് പേര്‍ പിടിയില്‍. രാജ്യത്ത് ലഹരി ഗുളികകള്‍ വില്‍പ്പന നടത്താനുള്ള ശ്രമമാണ് അധികൃതര്‍ പരാജയപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ലഹരിമരുന്ന് കടത്ത് നടത്തുന്ന അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണ് പ്രതികളെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ലഹരിമരുന്ന് ഉള്‍പ്പെടുന്ന ഷിപ്മെന്‍റ് ഹാംബര്‍ഗില്‍ നിന്ന് യുഎഇയിലെ ഒരു തുറമുഖത്തേക്ക് എത്തിക്കുന്നതില്‍ ഇരുവരും പങ്കാളികളായെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. ഇതിലൊരാള്‍ രാജ്യത്തേക്ക് വിസിറ്റ് വിസയിലെത്തിയതാണ്. ലഹരിമരുന്ന് വിതരണ ലക്ഷ്യമിട്ടാണ് ഇയാള്‍ യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ എത്തിയത്. എന്നാല്‍ ഈ ലഹരിമരുന്ന് കടത്തിന്‍റെ സൂത്രധാരന്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള വ്യക്തിയാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാളാണ് ഈ ലഹരിക്കടത്തിന് വേണ്ടി പണം ചെലവാക്കിയത്.

ഉദ്യോഗസ്ഥര്‍ രണ്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിലൊരു സ്ഥലം പ്രതികള്‍ ലഹരിമരുന്ന് ഗുളികകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. മറ്റൊരു സ്ഥലത്ത് നിന്ന് ഭൂമി കുഴിക്കാന്‍ ഉപയോഗിക്കുന്ന മെഷീനും കണ്ടെടുത്തു. ഇതില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. രാജ്യത്തിന് പുറത്തുള്ള പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.