ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലാണ്. ജീവിതത്തിലെ ഏറിയ സമയത്തും ഇന്ത്യക്കാരെക്കുറിച്ചുള്ള ഒട്ടേറെ മുന്‍ധാരണകള്‍ക്ക് നടുവിലായിരുന്നു. അതിര്‍ക്ക് അപ്പുറത്തും ഞങ്ങളെക്കുറിച്ച് അത് അങ്ങനെ തന്നെയായിരിക്കും.
അബുദാബി: മനുഷ്യസ്നേഹത്തിന് രാജ്യത്തിന്റെയോ ദേശത്തിന്റെയോ അതിര്‍ത്തികളില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ പാകിസ്ഥാനി യുവാവ്. അബുദാബിയില്‍ താമസിക്കുന്ന റിസ്‍വാന്‍ ഹുസൈന്‍ തന്റെ മലയാളി കൂട്ടുകാരെപ്പോലെ മാസ ശമ്പളത്തിലെയും ഒരു പങ്ക് കേരളത്തില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കായി മാറ്റിവെച്ചു. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയും ചെയ്തു.
മാനവികതയ്ക്കായി നിലകൊള്ളുമ്പോള്‍ നിങ്ങളുടെ മുന്‍വിധികളെല്ലാം ഒലിച്ചുപോകുമെന്നാണ് റിസ്‍വാന്‍ പറയുന്നത്. ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലാണ്. ജീവിതത്തിലെ ഏറിയ സമയത്തും ഇന്ത്യക്കാരെക്കുറിച്ചുള്ള ഒട്ടേറെ മുന്‍ധാരണകള്‍ക്ക് നടുവിലായിരുന്നു. അതിര്‍ക്ക് അപ്പുറത്തും ഞങ്ങളെക്കുറിച്ച് അത് അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ മറ്റൊരു രാജ്യത്ത് ജീവിക്കാന്‍ തുടങ്ങുകയും ഇന്ത്യക്കാരോട് മനസുതുറന്ന് സംസാരിക്കുകയും ചെയ്തപ്പോഴാണ് മനുഷ്യര്‍ എല്ലായിടത്തും ഒരുപോലെയാണെന്ന് മനസിലായത്. അതിര്‍ത്തികള്‍ നിലനില്‍ക്കുന്നത് മനസുകളിലാണെന്നും അദ്ദേഹം പറയുന്നു.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയൊരു തുകയാണ് ഞാന്‍ നല്‍കിയത്. എന്നാല്‍ അതിന്റെ പേരില്‍ മലയാളികള്‍ എനിക്ക് നല്‍കുന്ന സ്നേഹമാകട്ടെ അളവറ്റതും. ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന റിസ്‍വാന്‍ ആറ് വര്‍ഷമായി യുഎഇയിലാണ് ജീവിക്കുന്നത്. പ്രളയ കാലത്ത് വിദേശത്ത് നിന്നുപോലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ കഴിയുന്നപോലെ പങ്കെടുത്ത മലയാളി സുഹൃത്ത് കിരണ്‍ കണ്ണനാണ് തന്റെ കണ്ണുതുറപ്പിച്ചതെന്ന് റിസ്‍വാന്‍ പറയുന്നു.
പ്രളയ സമയത്ത് പാകിസ്ഥാനിലായിരുന്ന റിസ്‍വാന്‍ തിരികെ വന്നശേഷം ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള പുനര്‍നിര്‍മ്മാണ ചര്‍ച്ചയിലും പങ്കെടുത്തു. ഇത്തരം കൂട്ടായ്മകളില്‍ നിന്ന് പലതും പഠിക്കാനുണ്ടാരുന്നു. ഏറെ ദുരത്തിരുന്നും പലതും നമുക്ക് ചെയ്യാനുണ്ടെന്ന് മലയാളികളാണ് പഠിപ്പിച്ചത്. പാകിസ്ഥാനിയായ താന്‍ കേരളത്തിന് വേണ്ടി രംഗത്തിറങ്ങുമ്പോള്‍ തന്റെ നാട്ടുകാരായ മറ്റുള്ളവര്‍ക്കും അതൊരു പ്രചോദനമാകട്ടെ എന്നാണ് റിസ്‍വാന്റെ പ്രതീക്ഷ.
യുഎഇ പോലുള്ളൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ മുന്‍ധാരണകള്‍ മാറ്റി, ആളുകളെ നേരിട്ട് മനസിലാക്കാന്‍ സഹായിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മസ്കറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി ഒരു ഇന്ത്യന്‍ കുടുംബത്തെ പരിചയപ്പെടുന്നത്. അവരുമായി ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നു. എന്റെ പ്രിയപ്പെട്ടവര്‍ പ്രളയ ദുരിതത്തില്‍ സങ്കടപ്പെടുമ്പോള്‍ അവര്‍ക്ക് കൈത്താങ്ങാകേണ്ടത് തന്റെ ബാധ്യത തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു ഈ പാകിസ്ഥാനി.
