അബുദാബി: യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന് പിന്നാലെ കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 90 ദിവസം വരെ യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇസ്രയേലില്‍ കഴിയാം.

വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന് അംഗീകാരം ലഭിക്കുന്നതോടെയായിരിക്കും ഇളവ് പ്രാബല്യത്തില്‍ വരിക. യുഎഇയെ പ്രതിനിധീകരിച്ച് മന്ത്രി ഉമര്‍ സൈഫ് ഗൊബാഷാണ് ധാരാണപത്രത്തില്‍ ഒപ്പുവെച്ചത്. പരസ്‍പരബന്ധം ശക്തമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും താത്പര്യവും മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്‍ടിക്കാനും സാമ്പത്തിക സാധ്യതകള്‍ തുറക്കാനും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനും ഇനി വരുന്ന തലമുറകള്‍ക്ക് നല്ല ഭാവി സമ്മാനിക്കാനുമുള്ള ചുവടുവെപ്പാണിതെന്ന് യുഎഇ വിശദീകരിച്ചു. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകളാണ് യുഎഇ-ഇസ്രയേല്‍ വിസ രഹിത യാത്ര സാധ്യമാവുന്നതിലൂടെ കണക്കാക്കപ്പെടുന്നത്.