Asianet News MalayalamAsianet News Malayalam

Abu Dhabi Explosion: സ്‍ഫോടനത്തിന് പിന്നില്‍ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ; കുറ്റവാളികളെ വെറുതെ വിടില്ല

അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവന.

UAE condemns Houthi terror attack in Abu Dhabi vowed that culprits will not go unpunished
Author
Abu Dhabi - United Arab Emirates, First Published Jan 17, 2022, 11:31 PM IST

അബുദാബി: തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഹൂതികളെ പേരെടുത്ത് പ്രതിപാദിക്കുന്നത്. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവന പറയുന്നു.

ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്‍ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് പ്രസ്‍താവന വിശേഷിപ്പിക്കുന്നത്. മേഖലയില്‍ അസ്ഥിരത പടര്‍ത്താനും ഭീകരവാദം വ്യാപിപ്പിക്കാനും ഹൂതികള്‍ ശ്രമിച്ചുവരികയാണ്. 

സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം മുന്നോട്ടുവരണമെന്നും യുഎഇ ആഹ്വാനം ചെയ്‍തു. ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരിക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പ്രസ്‍താവനയില്‍ പറയുന്നു.

അബുദാബിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തതോടുമാണ് യുഎഇ കൈകാര്യം ചെയ്യുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‍ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. മേഖലയുടെ സുരക്ഷയും സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ ഹൂതികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. മുസഫയില്‍  മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്‍തു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ്  അറിയിച്ചു.  മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.

Follow Us:
Download App:
  • android
  • ios