ഭാര്യയുടെ പ്രേരണയോടെയും ഭാര്യാ സഹോദരന്‍റെ സഹായത്തോടെയും കൂടിയാണ് യുവാവ് കേസ് കെട്ടിച്ചമച്ചത്. എന്നാല്‍ അത് യുവാവിന് തന്നെ വിനയാകുകയായിരുന്നു.  

റാസൽഖൈമ: ഇന്ത്യക്കാരനായ ബിസിനസ് പങ്കാളിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ യുഎഇ സ്വദേശിക്കും ഭാര്യയ്ക്കും 10 വര്‍ഷം തടവ്. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയാണ് യുഎഇ പൗരനും ഭാര്യയും 10 വര്‍ഷം വീതും തടവ് ശിക്ഷയും 50,000 ദിര്‍ഹം പിഴയും വിധിച്ചത്. ഭാര്യയുടെ സഹോദരനും കേസിൽ പ്രതിയാണ്. ഇയാള്‍ക്ക് 15 വര്‍ഷം തടവുശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

തന്‍റെ ബിസിനസ് പങ്കാളിയെ ലഹരിക്കേസില്‍ കുടുക്കി അതുവഴി ബിസിനസിന്‍ററെ മുഴുവന്‍ നിയന്ത്രണവും സ്വന്തമാക്കാനുള്ള പദ്ധതിയാണ് എമിറാത്തി പൗരന് ഒടുവില്‍ വിനയായത്. യുവാവും ഭാര്യയും ചേര്‍ന്ന് ഏഷ്യക്കാരനായ ബിസിനസ് പങ്കാളിയെയാണ് കുടുക്കാന്‍ ശ്രമിച്ചത്. ബിസിനസില്‍ നിന്ന് പങ്കാളിയെ ഒഴിവാക്കി ലാഭം സ്വന്തമാക്കാന്‍ യുവാവിനെ ഭാര്യ പ്രേരിപ്പിച്ചിരുന്നു. മൂന്നുപേരും ചേര്‍ന്ന് ആരംഭിച്ച ബിസിനസ് അതിവേഗം വളരുകയും നല്ല ലാഭം നേടുകയും ചെയ്തതോടെ യുവാവിന്‍ററെ ഭാര്യക്ക് ബിസിനസ് പങ്കാളിയെ ഒഴിവാക്കി പണം സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നി. ഇതിനായി ബിസിനസ് പങ്കാളിയെ ലഹരിമരുന്ന് കേസില്‍ കുടുക്കാനാണ് ഇവര്‍ തീരുമാനിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന തന്‍റെ സഹോദരനെ അവര്‍ കുറ്റകൃത്യത്തില്‍ സഹായത്തിന് വിളിച്ചു. 

Read Also -  19 ലക്ഷത്തിന്‍റെ റോളക്സ് വാച്ച് ഷൂബോക്സിൽ മറന്നുവെച്ചു, സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് ഒരു സ്ത്രീയെ, പിടികൂടി

സഹോദരന്‍റെ സഹായത്തോടെ ഇന്ത്യന്‍ പാര്‍ട്ണറുടെ വാഹനത്തില്‍ ലഹരിമരുന്ന് വെക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം യുവാവ് പൊലീസില്‍ അറിയിച്ചു. വാഹനം പരിശോധിച്ച പൊലീസ് ലഹരിമരുന്ന് കണ്ടെടുക്കുകയും ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇന്ത്യക്കാരനെ ലഹരിമരുന്ന് പരിശോധനക്ക് വിധേയനാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് പൊലീസ് കേസ് അന്വേഷണം മറ്റൊരു ദിശയിലേക്ക് നീക്കിയത്. ചോദ്യം ചെയ്യലില്‍ തന്‍റെ പാര്‍ട്ണറുമായി നിലവിലുള്ള അസ്വാരസ്യങ്ങളും ബിസിനസിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പങ്കാളിത്തം അവസാനിപ്പിക്കാൻ പാര്‍ട്ണര്‍ ശ്രമിച്ചതായും ഇന്ത്യക്കാരൻ പറഞ്ഞു. ഈ മൊഴി അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെട്ടത്. കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെ യുവാവിനെയും ഭാര്യയെയും സഹോദരനെയും പിടികൂടുകയായിരുന്നു. യുവാവ് കുറ്റം സമ്മതിച്ചു. വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതിനും ലഹരിമരുന്ന് കേസ് കെട്ടിച്ചമച്ചതിനും പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം