അബുദാബി: നെറുക്കെടുപ്പുകളില്‍ സ്വന്തം ബന്ധുക്കള്‍ക്ക് സമ്മാനം ലഭിക്കാനായി കൃത്രിമം നടത്തിയയാള്‍ കുടുങ്ങി. യുഎഇയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നറുക്കെടുപ്പുകള്‍ നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്ന ആളാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധുക്കള്‍ക്ക് വാഹനങ്ങളും മറ്റ് സമ്മാനങ്ങളുമൊക്കെ ഇയാള്‍ ഇങ്ങനെ സംഘടിപ്പിച്ച് നല്‍കിയെന്നും വ്യക്തമായിട്ടുണ്ട്.

ഉപഭോക്താക്കളുടെ കൂപ്പണുകളില്‍ നിന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിച്ചിരുന്ന വ്യക്തിയാണ് പിടിയിലായത്. എന്നാല്‍ പെട്ടിയില്‍ നിന്ന് എടുക്കുന്ന കൂപ്പണുകള്‍ക്ക് പകരം സ്വന്തം പോക്കറ്റില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കൂപ്പണുകളായിരുന്നു ഇയാള്‍ സമ്മാനം നേടിയതായി പ്രഖ്യാപിച്ചിരുന്നത്. ഇതാവട്ടെ ഇയാളുടെ ബന്ധുക്കളുടേതുമായിരുന്നു. നാല് നിസാന്‍ പട്രോള്‍ കാറുകളും നാല് വിമാന ടിക്കറ്റുകളുമടക്കമുള്ള സമ്മാനങ്ങള്‍ ഇങ്ങനെ ബന്ധുക്കള്‍ക്ക് സംഘടിപ്പിച്ചുകൊടുത്തിരുന്നു.

നറുക്കെടുപ്പിന് വരുമ്പോള്‍ തന്നെ ബന്ധുക്കളുടെ പേരുള്ള കൂപ്പണ്‍ പ്രത്യേക കവറിലാക്കി പോക്കറ്റില്‍ സൂക്ഷിക്കുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശേഷം ഒപ്പമുള്ളവരെ കബളിപ്പിച്ച് എല്ലാ സമ്മാനവും പോക്കറ്റിലുള്ള കൂപ്പണുകള്‍ക്ക് തന്നെ നല്‍കും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. നറുക്കെടുപ്പില്‍ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ സമ്മാനങ്ങളുയെല്ലാം പണം താന്‍ സ്ഥാപനത്തിനും സംഘാടകര്‍ക്കും തിരികെ നല്‍കിയെന്ന് ഇയാള്‍ അവകാശപ്പെട്ടു. കേസില്‍ ജൂണ്‍ 26ന് കോടതി വിധി പറയും.