യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും എമിറാത്തി പൗരന്മാര്‍ക്ക് ഇസ്രയേലില്‍ പോകാന്‍ വിസ ആവശ്യമാണെന്ന തരത്തില്‍ ഔദ്യോഗിക വെബ്‍സൈറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

അബുദാബി: ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ ഒന്ന് വരെ നിര്‍ത്തിവെച്ച് യുഎഇ. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതിയ സാഹചര്യത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഇനി വിസ ആവശ്യമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും എമിറാത്തി പൗരന്മാര്‍ക്ക് ഇസ്രയേലില്‍ പോകാന്‍ വിസ ആവശ്യമാണെന്ന തരത്തില്‍ ഔദ്യോഗിക വെബ്‍സൈറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇസ്രയേലില്‍ ഇപ്പോള്‍ മൂന്നാം തവണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ ജനുവരി 21ന് ശേഷവും ലോക്ഡൌണ്‍ തുടരുന്ന കാര്യത്തില്‍ ചര്‍ച്ചകളും നടന്നുവരുന്നു. യുഎഇയും ഇസ്രയേലും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിക്കൊണ്ട് കഴിഞ്ഞ സെപ്‍തംബറില്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസാ രഹിത യാത്ര അനുവദിച്ചിരുന്നത്.