യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്.
അബുദാബി: പുതിയ കരാറുകളുടെ ഭാഗമായി യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്. യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡൻ്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

അബുദാബി നാഷണൽ ഓയിൽ കമ്പനി, അഡ്നോക്ക് ആണ് ഇന്ത്യയിലെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരം ഉയർത്താനുള്ള കരാർ ഇന്ത്യയുടെ പെട്രോളിയം റിസർവ്വ് ലിമിറ്റഡുമായി ധാരണയിലെത്തിരിക്കുന്നത്. നിലവിൽ ഇതിനോടകം തന്നെ ഇന്ത്യയിൽ മംഗലാപുരത്ത് അഡ്നോക്കിന്റെ പെട്രോളിയം സംഭരണം ഉണ്ട്. നിലവിലുള്ളതു പോലെ അടിയന്തര ഘട്ടങ്ങളിൽ വലിയ സഹായമാകും ഈ കരുതൽ ശേഖരം. എൽപിജി, എൽഎൻജി സംഭരണവും ഉയർത്തും.
ഹോർമുസിനെ മറികടന്നുള്ള പൈപ്പ് ലൈൻ യുഎഇ വിപുലീകരിക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള 500 കോടി ഡോളർ നിക്ഷേപിക്കുക എമിറേറ്സ് എൻബിഡി ബാങ്ക്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുത്ത സമ്മാൻ കാപിറ്റൽ എന്നിവ വഴിയാണ്. പ്രതിരോധ മേഖലയിലെ ആയുധ നിർമ്മാണം, സാങ്കേതിക വിദ്യ, വ്യവസായങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം മുൻപില്ലാത്ത വിധമാണ് മാറാൻ പോകുന്നത്. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പിയാർഡുമായി ഡ്രൈഡോക്ക് ദുബായിയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസങ്ങളിലൊന്നിൽ ഇന്ത്യയിലേക്കെത്താൻ യുഎഇ പ്രസിഡൻ്റിനെ ക്ഷണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ വിട്ടത്.

