വിവിധ രാജ്യക്കാരായ 900 കുട്ടികളില്‍ വാക്സിന്‍ കാരണമായി രൂപപ്പെടുന്ന രോഗ പ്രതിരോധശേഷി  പഠന വിധേയമാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്കും വൈകാതെ തന്നെ വാക്സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ. 

അബുദാബി: യുഎഇയില്‍ മൂന്ന് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നു. ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ചുള്ള 'ഇമ്മ്യൂണ്‍ ബ്രിഡ്‍ജ് സ്റ്റഡി'ക്കാണ് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്.

അന്താരാഷ്‍ട്ര നിലവാരവും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും എല്ലാ മെഡിക്കല്‍ പ്രോട്ടോക്കോളുകളും നടപ്പിലാക്കിക്കൊണ്ടുമായിരിക്കും അബുദാബി ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചെറിയ കുട്ടികളില്‍ വാക്സിന്റെ ഫലപ്രാപ്‍തി പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി യുഎഇയിലാണ് നടക്കുന്നത്. പഠനത്തിന്റെ ഫലം ലഭ്യമാവുന്നതിനനുസരിച്ച് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച അധികൃതര്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‍കൂളുകളിലേക്ക് മടങ്ങാനുള്ള വഴി തുറക്കാനാവുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്‍ക്കുന്നത്. മറ്റ് വാക്സിന്‍ ഉത്പാദക രാജ്യങ്ങളിലും സമാനമായ പഠനങ്ങള്‍ നടന്നുവരുന്നുണ്ട്.

വിവിധ രാജ്യക്കാരായ 900 കുട്ടികളില്‍ വാക്സിന്‍ കാരണമായി രൂപപ്പെടുന്ന രോഗ പ്രതിരോധശേഷി പഠന വിധേയമാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്കും വൈകാതെ തന്നെ വാക്സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ. ഓരോ കുട്ടിയെയും മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാവും പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുക. ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്‍മമായി വിലയിരുത്തിക്കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷയ്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടായിരിക്കും പഠനം നടത്തുക. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓരോ ഘട്ടത്തിലും പൂര്‍ണ വിവരങ്ങളും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.