Asianet News MalayalamAsianet News Malayalam

ഭിന്ന ശേഷിക്കാര്‍ക്ക് ഏറ്റവും നല്ല തൊഴില്‍ സാഹചര്യമൊരുക്കി യൂണിയന്‍കോപ്

ഒരു സാമൂഹിക - സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായി കണക്കാക്കിയാണ് യൂണിയന്‍കോപ് ഭിന്നശേഷിക്കാരെ തങ്ങളുടെ തൊഴിലിടത്തിന്റെ ഭാഗമാക്കുന്നത്.

Union Coop for People of Determination One of the Best Workplaces
Author
Dubai - United Arab Emirates, First Published Jan 5, 2022, 5:36 PM IST

ദുബൈ: ജീവിതത്തിലെ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭിന്ന ശേഷിക്കാരെ ആകര്‍ഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയില്‍ സ്വന്തം ജോലി ചെയ്യാനാവുന്ന വിധത്തില്‍ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ യൂണിയന്‍കോപ് സ്വീകരിച്ചുവരുന്നു.

ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍കോപ് ഡിപ്പാര്‍ട്ട്മെന്റുകള്‍, ശാഖകള്‍, കൊമേഴ്‍സ്യല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം നിരവധി ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്നതായും യൂണിയന്‍കോപ് ചൂണ്ടിക്കാട്ടി. പരിശീലനത്തിനും പ്രൊബേഷന്‍ കാലയളവിനും ശേഷം തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുക വഴി സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കുകയും പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. യൂണിയന്‍കോപിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സുസ്ഥിരമായ തൊഴില്‍ സാഹചര്യമാണ് ഇതൊക്കെ സാധ്യമാക്കുന്നത്. ഭിന്നശേഷിക്കാരെ ജോലി സ്ഥലത്തിന്റെ ഭാഗമാക്കുകയെന്നത് യൂണിയന്‍കോപ് ദേശീയ സാമ്പത്തിക പാതയില്‍ സ്വീകരിച്ചിരിക്കുന്ന മുന്‍ഗണനകളിലൊന്നുമാണ്.
Union Coop for People of Determination One of the Best Workplaces

അസാധ്യമായതിനെ സാധ്യമാക്കാനും വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിക്കാനും ഒരു വ്യക്തിയുടെ ഇച്ഛാശക്തിക്ക് സാധിക്കുമെന്ന് യൂണിയന്‍കോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കെനൈദ് അല്‍ ഫലാസി പറഞ്ഞു. സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ചത്തോളം മറ്റൊരു ജോലി അന്വേഷിക്കുകയെന്നത് പ്രയാസമുള്ള ഒരു കാര്യമാവണമെന്നില്ല. എന്നാല്‍ ഭിന്നശേഷിക്കാരുടെ കാര്യം അങ്ങനെയല്ല. ഒഴിവുള്ള ജോലി ഏത് തരത്തിലുള്ളതാണെന്ന് പരിശോധിക്കേണ്ടി വരും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാന്‍ യൂണിയന്‍കോപ് ശ്രദ്ധിച്ചിരുന്നു. യുഎഇയുടെ ഭാവി ഭാവി പദ്ധതികള്‍ക്ക് അനുഗുണമായ തരത്തില്‍ വിവിധ രംഗങ്ങളില്‍ ഭിന്ന ശേഷിക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള ഈ പദ്ധതി, രാഷ്‍ട്ര നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടുള്ളതു കൂടിയാണ്. ഒപ്പം ഭിന്ന ശേഷിക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ തരണം ചെയ്‍ത് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കി അവരെ സാമൂഹത്തിന്റെ അവിഭാജ്യ ഭാഗമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. സംയോജിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കി അവരെ സമൂഹത്തിനും രാജ്യത്തിനും സേവനം നല്‍കാന്‍ പ്രാപ്‍തരാക്കുകയും ചെയ്യുന്നു.

"ഭിന്ന ശേഷിക്കാരായ സ്വദേശികള്‍ 10 വര്‍ഷം മുമ്പുതന്നെ ഭാഗമായി"
ഭിന്ന ശേഷിക്കാരായ ചില സ്വദേശികള്‍ 10 വര്‍ഷം മുമ്പ് തന്നെ യൂണിയന്‍കോപിന്റെ ഭാഗമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം ഭിന്നശേഷിക്കാര്‍ക്കായി മികച്ച തൊഴില്‍ സാഹചര്യമൊരുക്കാന്‍ നിരവധി നിബന്ധനകള്‍ തയ്യാറാക്കുകയും അവരെ ആകര്‍ഷിക്കാനും അഡ്‍മിനിസ്‍ട്രേറ്റീവ് ജോലികളില്‍ അവരെ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്‍തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങളൊരുക്കാന്‍ യൂണിയന്‍കോപ് ശ്രദ്ധിച്ചു. 2071ല്‍ യുഎഇയുടെ നൂറാം വാര്‍ഷികത്തിന്റെയും 2021 സെപ്‍തംബറില്‍ രാഷ്‍ട്ര നേതൃത്വം പ്രഖ്യാപിച്ച നാഫിസ് പദ്ധതിയുടെയും ഭാഗമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭിന്ന ശേഷിക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കി. 

യൂണിയന്‍കോപിന്റെ ഭാഗമായി മാറിയ സ്വദേശികളായ ഭിന്ന ശേഷിക്കാര്‍ തങ്ങളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാനാവുന്ന തരത്തില്‍ ശാക്തീകരിക്കപ്പെടുകയും ചെയ്‍തു. നൈപുണ്യ വികസനത്തിനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും വിവിധ പരിശീലന പരിപാടികളിലൂടെ അവരെ പ്രാപ്‍തമാക്കുന്നു.

Union Coop for People of Determination One of the Best Workplaces

സ്വയം തിരിച്ചറിയാനും തങ്ങളുടെ  ആവശ്യങ്ങള്‍ നിറവേറ്റി മാന്യമായി ജീവിക്കാന്‍ പര്യാ‍പ്തമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യുന്നതുകൊണ്ടു തന്നെ ഭിന്ന ശേഷിക്കാര്‍ക്കും സ്ഥിരോത്സാഹികളായ യുവാക്കള്‍ക്കും മികച്ചൊരു അവസരമാണ് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍   നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ ഘടനയുടെ ഭാഗമെന്ന നിലയില്‍ ഭിന്ന ശേഷിക്കാരായ ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കാനും യൂണിയന്‍കോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരിലും ഉപഭോക്താക്കളിലുമുള്ള ഭിന്ന ശേഷിക്കാര്‍ക്ക് പിന്തുണയായി മാറുന്ന തരത്തില്‍ വിവിധ സാമൂഹിക പദ്ധതികളും യൂണിയന്‍ കോപ് നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം എല്ലാ ശാഖകളിലും കൊമേസ്യല്‍ സെന്ററുകളിലും കെട്ടിടങ്ങളിലും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്.

നൈപുണ്യവും കഴിവുകളും വികസിപ്പിക്കാനായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രത്യേക പരിപാടികളും അവരെ സമൂഹത്തിലേക്ക് ഇഴുകിച്ചേരാന്‍ പര്യാപ്‍തമാക്കുന്ന പരിശീലന പരിപാടികളും ഉള്‍പ്പെടെ നിരവധി പദ്ധതികളും യൂണിയന്‍കോപ് ആവിഷ്‍കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ യൂണിയന്‍കോപില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ കായിക വിനോദങ്ങള്‍ ഇഷ്‍ടപ്പെടുന്നവരും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുമാണെന്ന്  മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുമുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ എല്ലാ സഹായവും പിന്തുണയും നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. ഇവരില്‍ പലരും സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളും നേടിയിട്ടുണ്ട്. ഇവയെല്ലാം അവര്‍ക്ക് പ്രോത്സാഹനമായി മാറുകയും ജനങ്ങളുടെ സ്‍നേഹാദരങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്.

എല്ലാ യുവാക്കളോടും അവരുടെ നൈപുണ്യവും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്നും യൂണിയന്‍കോപ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ ആഹ്വാനം ചെയ്‍തു. ഭാവിയിലെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനായി സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ തേടണമെന്നും ജീവിതം സുസ്ഥിരമാക്കി തൊഴില്‍ വിപണിയില്‍ സജീവമാവുക വഴി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഭയവും നീരസവും ഒഴിവാക്കി വെല്ലുവിളികളെ നേരിട്ട് ഈ സുപ്രധാന മേഖലയില്‍ സ്വയം കഴിവ് തെളിയിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios