മേയ്ഡേ, മേയ്ഡേ എന്ന സന്ദേശം പൈലറ്റ് അറിയിക്കുകയും എയര്‍ ട്രാഫിക് കൺട്രോൾ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനുള്ള നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. 

വാഷിങ്ടൺ: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. വെര്‍ജിനീയയിലെ വാഷിങ്ടൺ ഡൾസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. മ്യൂണിച്ചിലേക്ക് പോകുകയായിരുന്ന ബോയിങ് 787 വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സ് 108 ടേക്ക് ഓഫിന് പിന്നാലെ മേയ്ഡേ സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു. വിമാനത്തിന്‍റെ ഇടത്തെ എഞ്ചിന്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റാണ് മേയ്ഡേ സന്ദേശം അയച്ചത്.

ജൂലൈ 25ന് വൈകിട്ട് ആറ് മണിക്കാണ് 219 യാത്രക്കാരും 11 ജീവനക്കാരുമായി വിമാനം പറന്നുയര്‍ന്നത്. ഏകദേശം 10,000 അടി ഉയരത്തിലെത്തിയപ്പോഴാണ് എഞ്ചിന്‍ തകരാര്‍ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കൺട്രോളുമായി പൈലറ്റ് ബന്ധപ്പെടുകയും ഇടത് എഞ്ചിന്‍ തകരാറിലായതായി അറിയിക്കുകയുമായിരുന്നു. മേയ്ഡേ, മേയ്ഡേ എന്ന സന്ദേശം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കൺട്രോള്‍ വിമാനം തിരിച്ച് ഇറക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുകയും 8.33ഓടെ വിമാനം തിരികെ ഇറക്കുകയുമായിരുന്നെന്നാണ് ഫ്ലൈറ്റ്അവയര്‍ ഡേറ്റ വ്യക്തമാക്കുന്നത്.