നിങ്ങളെ ഇവിടെ ഇഷ്ടമല്ലെന്നും ഇന്ത്യക്കാര്‍ വെള്ളക്കാരുടെ രാജ്യങ്ങളില്‍ തിങ്ങി നിറയുകയാണെന്നും തിരികെ പോകൂ എന്നും അമേരിക്കക്കാരന്‍ പറയുന്നത് വീഡിയോയിലുണ്ട്. 

വാഷിങ്ടൺ: ഇന്ത്യന്‍ വംശജനെ അമേരിക്കക്കാരന്‍ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോക്കെതിരെ വിമര്‍ശനം. എക്സ് പ്ലാറ്റ്‍ഫോമിലാണ് വീഡിയോ പ്രചരിച്ചത്. അമേരിക്കക്കാരനായ ഒരാള്‍ കാറില്‍ നിന്നിറങ്ങുന്ന ഇന്ത്യന്‍ വംശജന് അടുത്തേക്ക് ചെല്ലുന്നതും എന്താണ് നിങ്ങള്‍ എന്‍റെ രാജ്യത്ത് എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. 

‘നിങ്ങളെ ഇവിടെ എനിക്ക് ഇഷ്ടമല്ല. നിങ്ങളില്‍ ഒരുപാട് പേര്‍ ഇവിടെയുണ്ട്. ഇന്ത്യക്കാര്‍ എല്ലാ വെള്ളക്കാരുടെ രാജ്യങ്ങളിലും തിങ്ങിനിറയുകയാണ്, എനിക്കിത് മടുത്തു. നിങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്’- അമേരിക്കക്കാരൻ പറഞ്ഞു. പിന്നീട് അസഭ്യ വാക്കുകള്‍ പറഞ്ഞും അയാള്‍ രോഷം തീര്‍ക്കുകയാണ്. ദേഷ്യത്തോടെ സംസാരിക്കുന്ന അയാളോട് എന്ത് മറുപടി പറയണമെന്നറിയാതെ ആശയക്കുഴപ്പത്തോടെ നില്‍ക്കുന്ന ഇന്ത്യന്‍ യുവാവിനെയും വീഡിയോയില്‍ കാണാം.

ഈ വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. അമേരിക്കക്കാരന്‍റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പലരും കമന്‍റ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. 'ഒന്നുമല്ല, അവർ ഇന്ത്യക്കാരെ ഭയപ്പെടുന്നവരാണ്! നമ്മുടെ കഴിവും ശേഷിയും പുരോഗതിയും അവർക്ക് നന്നായി അറിയാം. അതൊക്കെയല്ലാതെ അവരുടെ അരക്ഷിതത്വത്തെയാണ് ഇത് കാണിക്കുന്നത്. അവർ നമ്മളെ ഒരു ഭീഷണിയായി കാണുകയാണ്'- മറ്റൊരാള്‍ കമന്‍റ് പങ്കുവെച്ചു. എല്ലാ കുടിയേറ്റക്കാരും അമേരിക്ക വിട്ടാല്‍ പിന്നെ ഈ രാജ്യം നിലനില്‍ക്കില്ലെന്ന് ഒരു ഉപയോക്താവ് കമന്‍റ് ചെയ്തു.

'അദ്ദേഹത്തോട് യുഎസിൽ നിന്ന് പോകാൻ പറയാൻ നിങ്ങൾ ആരാണ്? ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്? അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. അദ്ദേഹം വിജയിയാണ്, പക്ഷേ നിങ്ങൾ അങ്ങനെയല്ല, അതിനാൽ അത് അദ്ദേഹത്തിന്റെ പ്രശ്നമല്ല. യുഎസ്എ ഒരു വെള്ളക്കാരുടെ രാജ്യമാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?' മറ്റൊരാള്‍ പ്രതികരിച്ചു. ഇത്തരത്തില്‍ വലിയ രോഷമാണ് വീഡിയോയ്ക്കെതിരെ ഉയരുന്നത്.

Scroll to load tweet…