വിവാഹ മോചനത്തിന് ഭര്‍ത്താവായ നിതീഷ് ശ്രമിച്ചിരുന്നെങ്കിലും വിപഞ്ചികയ്ക്ക് ഇത് സമ്മതമല്ലെന്നാണ് വിവരം.
ഷാര്‍ജ: വിപഞ്ചികയുടെ സ്വർണവും രേഖകളും ഏല്പിച്ചത് ഷാർജയിൽ ഉള്ള ബന്ധുവിനെ. നാട്ടിൽ പോവുന്നു എന്ന പേരിലാണ് എല്ലാം സുഹൃത്ത് വഴി ബന്ധുവിനെ ഏല്പിച്ചത്. ഏല്പിച്ച സ്വർണവും രേഖകളുടെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആത്മഹത്യയെ കുറിച്ച് സൂചന പോലും നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. സുഹൃത്ത് വഴിയാണ് ബന്ധുവിനെ വിപഞ്ചിക പണവും സ്വര്‍ണവും ഏല്‍പ്പിച്ചത്.
വിവാഹമോചനത്തിന് ഭർത്താവ് ശ്രമിച്ചിരുന്നു. എന്നാല്‍ വിപഞ്ചികയ്ക്ക് സമ്മതം ആയിരുന്നില്ല. കുഞ്ഞിന് രണ്ടര വയസ്സെങ്കിലും ആയ ശേഷം ആലോചിക്കാം എന്നായിരുന്നു വിപഞ്ചികയുടെ നിലപാട്. വിപഞ്ചിക സ്വന്തമായി ജീവിതം കെട്ടിപ്പടുത്ത പെൺകുട്ടിയാണെന്ന് ബന്ധു പറഞ്ഞു. സ്വന്തമായി എല്ലാ ശരിയാക്കി എടുക്കാം. ആരും ഇടപെടേണ്ടതില്ല എന്നായിരുന്നു വിപഞ്ചികയുടെ നിലപാട്. ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തുന്നതിലെ പ്രതിസന്ധി നന്നായി അറിയാവുന്ന ആളായിരുന്നു വിപഞ്ചിക. അതാകാം കുഞ്ഞിനേയും ഒപ്പം കൂട്ടിയതെന്നും ബന്ധു പറഞ്ഞു. കുഞ്ഞിനേയും അമ്മയെയും വേർപിരിക്കാൻ സമ്മതിക്കില്ലെന്നും സംസ്‍കാരം നാട്ടിൽ ഒരുമിച്ച് നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ദീര്‍ഘമായ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവായ നിതീഷ്, ഭര്‍തൃ സഹോദരി നീതു, ഭര്‍തൃപിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മാതാവ് ഷൈലജയും നിതീഷിനും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയെ ഭർതൃ പിതാവിനും ഭർതൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭർത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജ വെളിപ്പെടുത്തി. നിതീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക മുടി മുറിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. നിതീഷിനെയും കുടുംബത്തെയും വെറുതെ വിടരുതെന്നും വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.

