മസ്‍കത്ത്: വിവിധ മേഖലകളില്‍ നേരത്തെ കൊണ്ടുവന്ന വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചു. നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ജൂലൈ മൂന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്സ്മിത്ത്, ബ്രിക് കമ്പനികളിലെ ജോലികള്‍ക്കാണ് വിസ നിരോധനം നീട്ടിയിരിക്കുന്നത്. ഈ മേഖലകളില്‍ പുതിയ വിസകള്‍ അനുവദിക്കില്ല. 2013 നവംബര്‍ മുതലാണ് ഈ മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. എന്നാല്‍ പഴയ വിസകള്‍ പുതുക്കി നല്‍കുന്നതിന് ഇത് തടസമല്ല.