മസ്‌കറ്റ്: നൂറു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഒമാനിലേക്ക് സന്ദര്‍ശനം നടത്തുന്നതിനുള്ള വിസകളില്‍ ഇളവ് അനുവദിച്ചു കൊണ്ട് ധനകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവന പുറത്തിറക്കി. രാജ്യത്തിന്റെ ദേശീയ സമ്പദ്ഘടനയില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് സന്ദര്‍ശന വിസകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നത് കൊണ്ട് സാധിക്കുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ .

നിലവില്‍ ജി.സി.സി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശന അനുമതിയുള്ളത്. ഒപ്പം ന്യൂസിലാന്റ് പൗരന്‍മാര്‍ക്കും വിസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും. എന്നാല്‍ പുതുതായി വിസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നൂറ് രാജ്യങ്ങളുടെ പട്ടിക അധികൃതര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.