2007ലാണ് ലോകത്തെ ഏറ്റവും വലിയ 100 ധനികരുടെ പട്ടികയില്‍ ഫോര്‍ബ്സ് മാസിക അല്‍ സനയെ ഉല്‍പ്പെടുത്തിയത്. എന്നാല്‍ 2009 മുതല്‍ അദ്ദേഹത്തിന്റെ കമ്പനിയായ സാദ് ഗ്രൂപ്പ് ഉണ്ടാക്കിയ ബാധ്യതകളുടെ പേരില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിയമനടപടികള്‍ തുടര്‍ന്നുവരികയാണ്. 

റിയാദ്: ഒരുകാലത്ത് ലോകത്ത് നൂറ് കോടീശ്വരന്മാരുടെ പട്ടികയിലുണ്ടായിരുന്ന വ്യവസായിയുടെ ആസ്തികള്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ബില്യന്‍ കണക്കിന് റിയാലിന്റെ സാമ്പത്തിക ബാധ്യത വരുത്തിവെച്ച മാന്‍ അല്‍ സനയുടെ വസ്തുവകകളാണ് അടുത്തമാസം മുതല്‍ ലേലം ചെയ്യുന്നത്. ഇദ്ദേഹം ഇപ്പോഴും തടവിലാണ്.

2007ലാണ് ലോകത്തെ ഏറ്റവും വലിയ 100 ധനികരുടെ പട്ടികയില്‍ ഫോര്‍ബ്സ് മാസിക അല്‍ സനയെ ഉല്‍പ്പെടുത്തിയത്. എന്നാല്‍ 2009 മുതല്‍ അദ്ദേഹത്തിന്റെ കമ്പനിയായ സാദ് ഗ്രൂപ്പ് ഉണ്ടാക്കിയ ബാധ്യതകളുടെ പേരില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിയമനടപടികള്‍ തുടര്‍ന്നുവരികയാണ്. ഇതിനൊടുവിലാണ് കേസ് പരിഗണിച്ച മൂന്നംഗ ട്രിബ്യൂണല്‍ ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ ഒരു കണ്‍സോഷ്യത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തില്‍ അടുത്ത അഞ്ച് മാസം കൊണ്ട് ആസ്തികള്‍ ലേലം ചെയ്ത് വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനാണ് ശ്രമം.

സാദ് ഗ്രൂപ്പിന്റെ ഉടമസ്ഥലതയിലുള്ള ഭൂമിയും ഇപ്പോഴും വരുമാനമുള്ള ചില കെട്ടിടങ്ങളും ഒക്ടോബറില്‍ തന്നെ ലേലം ചെയ്യും. ഇതിലൂടെ 200 കോടി ദിര്‍ഹം സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിപണിയിലെ ചില പ്രതിസന്ധികള്‍ കാരണമാണ് ലേലനടപടികള്‍ ഇത്രയും നീണ്ടുപോകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സാദ് ഗ്രൂപ്പിന്റെ 900 വാഹനങ്ങള്‍ ലേലം ചെയ്തിരുന്നു. ട്രക്കുകള്‍, ബസുകള്‍, ഗോള്‍ഫ് കാര്‍ട്ടുകള്‍, ഫോര്‍ക്ക്‍ലിഫ്റ്റുകള്‍ അടക്കമുള്ള ഹെവി വാഹനങ്ങള്‍ എന്നിവയാണ് അന്ന് ലേലം ചെയ്തത്. 125 കോടി റിയാല്‍ ഇതുവഴി സമാഹരിച്ചു. ശമ്പളം നല്‍കാനുണ്ടായിരുന്ന തൊഴിലാളികളുടേതുള്‍പ്പെടെ ചില ബാധ്യതകള്‍ ഇതിലൂടെ അവസാനിപ്പിച്ചു.

അടുത്തമാസം നടക്കുന്ന ലേലത്തിലൂടെ ബാങ്കുകള്‍ ഉള്‍പ്പെടെ 34 സ്ഥാപനങ്ങളുടെ കടബാധ്യതകള്‍ തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ. ബാധ്യതള്‍ തീര്‍ത്താല്‍ സനയെ തടങ്കലില്‍ നിന്ന് മോചിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.