വിവാഹത്തിന് മുമ്പ് തല മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചിരുന്നതിനാല്‍ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് വിവാഹ ശേഷമാണ് താന്‍ അറിയുന്നതെന്ന് കൗണ്‍സിലറോട് യുവതി വെളിപ്പെടുത്തി. തന്നില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ച് ഭര്‍ത്താവ് വഞ്ചിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു.

റിയാദ്: വിവാഹിതയായി രണ്ട് ദിവസങ്ങള്‍ക്കിപ്പുറം വേര്‍പിരിയണമെന്ന ആവശ്യവുമായി യുവതി. സൗദി അറേബ്യയിലാണ് വെറും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്നതാണ് യുവതിയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത്. കഷണ്ടിയുണ്ടെന്ന വിവരം ഭര്‍ത്താവ് തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് യുവതി പറയുന്നു. വിവാഹത്തിന് മുമ്പ് വരെ സൗദിയിലെ പരമ്പരാഗത ശിരോവസ്ത്രമായ ഘുത്ര ധരിച്ചിരുന്നതിനാല്‍ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് കുടുംബ കോടതിയില്‍ നടത്തിയ കൗണ്‍സിലിങ് സെഷനിലാണ് വിവാഹ മോചന കാരണം പുറത്തുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ന്യൂസ് ഓഫ് ബഹ്റൈന്‍' റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹത്തിന് മുമ്പ് തല മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചിരുന്നതിനാല്‍ ഭര്‍ത്താവിന് കഷണ്ടിയുണ്ടെന്ന് വിവാഹ ശേഷമാണ് താന്‍ അറിയുന്നതെന്ന് കൗണ്‍സിലറോട് യുവതി വെളിപ്പെടുത്തി. തന്നില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ച് ഭര്‍ത്താവ് വഞ്ചിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. 'സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പില്‍ താന്‍ അപമാനിതയായി. തങ്ങളുടെ മക്കള്‍ക്കും കഷണ്ടി ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഇനി അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ പ്രയാസമാണ്'- യുവതി പറഞ്ഞു. ഇരുവര്‍ക്കും രണ്ടാം റൗണ്ട് കൗണ്‍സിലിങിന് ഹാജരാകാനുള്ള തീയതി നല്‍കിയിരിക്കുകയാണ്. വിചിത്രമായ വിവാഹമോചന കേസ് ആണിതെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ പറഞ്ഞു.