വയറില്‍ കുത്തേറ്റ അയല്‍വാസിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. 

ദുബൈ: അയല്‍വാസിയെ കുത്തിയ കേസില്‍ വിദേശ വനിതയ്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) ശിക്ഷ വിധിച്ചു. 43 വയസുകാരിയായ പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും ശേഷം നാടുകടത്താനുമാണ് കോടതി ഉത്തരവ്. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന 43 വയസുകാരനെയാണ് തര്‍ക്കത്തിനിടെ ഇവര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

വയറില്‍ കുത്തേറ്റ അയല്‍വാസിക്ക് ആഴത്തില്‍ മുറിവേറ്റെങ്കിലും ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്. ഉണക്കാനിട്ട തുണി പ്രതിയുടെ ബാല്‍ക്കണിയില്‍ വീണപ്പോള്‍ അത് എടുക്കാനായാണ് അയല്‍വാസി എത്തിയത്. എന്നാല്‍ പ്രതി അത് സമ്മതിക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനൊടുവില്‍ അയല്‍വാസി, പ്രതിയെ പിടിച്ചുതള്ളി. ഇതിന് പ്രതികാരമായാണ് കത്തിയെടുത്ത് വയറില്‍ കുത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ട് അവിടേക്ക് ചെന്ന മറ്റൊരു അയല്‍വാസിയാണ് കേസിലെ സാക്ഷി. ഇയാള്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ച ശേഷം സംസാരിച്ചുകൊണ്ട് നില്‍ക്കവെ വീടിനുള്ളിലേക്ക് പോയ പ്രതി, കത്തിയുമായി തിരിച്ചെത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.