പോയ വഴികളും കയറിയ വാഹനങ്ങളും തുടങ്ങി ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ വരെ വിശദമായി ചോദിച്ചറിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ പോയിരുന്നത് ഒരു കാറിലാണെന്ന് പറഞ്ഞതോടെ ആ കാര്‍ കണ്ടെത്തി പരിശോധിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.
ദുബായ്: സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നുമില്ലാതെ ദുബായില്‍ വിനോദ സഞ്ചാരത്തിനെത്തിയതാണ് ഡയാന മേരി ഇര്‍വിന്‍ എന്ന അമേരിക്കക്കാരി. പല സ്ഥലങ്ങളും ചുറ്റിയടിച്ച് കറങ്ങുന്നതിനിടയില്‍ അവരുടെ പേഴ്സ് എവിടെയോ നഷ്ടപ്പെട്ടു. പാസ്പോര്‍ട്ടും, പണവും കാര്‍ഡുകളുമടക്കം വിലപ്പെട്ടവയെല്ലാം ഒറ്റയടിച്ച് നഷ്ടപ്പെട്ടു. വിദേശികള്‍ അത്യാവശ്യം കൈയ്യില്‍ കരുതേണ്ട രേഖകളും മടങ്ങിപ്പോകാനുള്ള പാസ്പോര്‍ട്ടും വരെ കൈയ്യില്‍ നിന്ന് പോയതോടെ ആകെ തകര്‍ന്ന അവര്‍ക്ക് സഹായത്തിന് പരിചയമുള്ള ആരും ദുബായിലോ യുഎഇയിലോ ഉണ്ടായിരുന്നില്ല.
ഇതോടെയാണ് ഏക ആശ്രയമെന്ന നിലയില്‍ ദുബായ് പൊലീസിനെ വിളിച്ചത്. ഉടന്‍ തന്നെ ഇവര്‍ നിന്നിരുന്ന സ്ഥലത്ത് പൊലീസ് പട്രോള്‍ വാഹനമെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പോയ വഴികളും കയറിയ വാഹനങ്ങളും തുടങ്ങി ഭക്ഷണം കഴിച്ച ഹോട്ടലുകള്‍ വരെ വിശദമായി ചോദിച്ചറിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ പോയിരുന്നത് ഒരു കാറിലാണെന്ന് പറഞ്ഞതോടെ ആ കാര്‍ കണ്ടെത്തി പരിശോധിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഡയാനെയും കൂട്ടി പൊലീസ് സംഘം ഇവര്‍ സഞ്ചരിച്ച വഴികളിലെല്ലാം തിരികെപ്പോവുകയായിരുന്നു. ബുര്‍ജ് ഖലീഫയിലെ റെസ്റ്റോറന്റ്, ഉമ്മു സുഖൈം ബീച്ച്, ജുമൈറ ഹോട്ടല്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പൊലീസ് സംഘം കയറിയിറങ്ങി പരിശോധിച്ചുവെങ്കിലും പഴ്സ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തും പരിശോധിച്ചു. ഇവിടെയും ഡയാനയുടെ പഴ്സ് ഉണ്ടായിരുന്നില്ല. ഒടുവില്‍ അര്‍മാനി ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം അവിടെ നടത്തിയ തെരച്ചിലില്‍ പഴ്സ് കണ്ടെടുത്തു. അതിലുണ്ടായിരുന്ന സാധനങ്ങള്‍ ഒന്നുപോലും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ കരഞ്ഞുപോയ വിദേശി വനിത ദുബായ് പൊലീസിന് മനസുനിറയെ നന്ദി പറഞ്ഞാണ് മടങ്ങിയത്.
