Asianet News MalayalamAsianet News Malayalam

ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 16 മുതല്‍ ദുബൈയില്‍

  • ടോക്യോ ഒളിംപിക്സ് താരങ്ങളടക്കം 3,000 മല്‍സരാര്‍ത്ഥികള്‍.
  • കത്ത, കുമിത്തെ, ടീ കത്ത എന്നിവയായിരിക്കും മത്സര ഇനങ്ങള്‍. 
world Karate championship to begin from November 16 in dubai
Author
Dubai - United Arab Emirates, First Published Oct 6, 2021, 11:19 PM IST

ദുബൈ: ലോക കരാട്ടെ ചാമ്പ്യന്‍ന്മാരുള്‍പ്പെടെ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 3,000 കരാട്ടെ മല്‍സരാര്‍ത്ഥികളുടെ ചാമ്പ്യന്‍ഷിപ്പിന് നവംബര്‍ 16ന് ദുബൈ ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ തുടക്കമാകുമെന്ന് ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയ്യിദ് ഹാരിബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ പ്രത്യേകം മല്‍സരങ്ങളുണ്ടാകും. കത്ത, കുമിത്തെ, ടീ കത്ത എന്നിവയായിരിക്കും മത്സര ഇനങ്ങള്‍. കരാട്ടെയില്‍ പ്രത്യേക പ്രാവീണ്യം നേടിയവരും ആഗോളീയമായി കരാട്ടെ ഫെഡറേഷന്‍ വിധിനിര്‍ണയത്തില്‍ യോഗ്യത ലഭിച്ചവരുമാകും വിധികര്‍ത്താക്കള്‍. ടോക്യോ ഒളിംപിക്സിലെ താരങ്ങളും വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. റെക്കോര്‍ഡ് കാണികളെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 1,200ലധികം ഒഫീഷ്യല്‍സും എത്തും. വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ 25-ാം എഡിഷനാണ് ഇത്തവണത്തേത്. ടോക്യോ ഒളിംപിക്സില്‍ കരാട്ടെക്ക് ആദ്യ പ്രവേശം ലഭിച്ച ശേഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും ദുബൈയില്‍ നടക്കുന്നത്. 

എക്സ്പോ 2020 ദുബൈയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു ലോക ചാമ്പ്യന്‍ഷിപ്പിന് ദുബൈക്ക് അവസരം ലഭിച്ചതില്‍ അതിയായ ആഹ്ളാദമുണ്ടെന്ന് സയ്യിദ് ഹാരിബ് പറഞ്ഞു. 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ സന്തോഷപൂര്‍വം വസിക്കുന്ന ദുബൈക്ക് ഇത് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. എട്ടു തത്താമികളിലായിരിക്കും മല്‍സരങ്ങള്‍ അരങ്ങേറുക. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പിന് ദുബൈ ആതിഥ്യമരുളുന്നത്. യുഎഇ കരാട്ടെ ഫെഡറേഷനും ദുബൈ സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന മല്‍സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് കാണികളായെത്തുക. ഇന്ത്യ, ചൈന, ജപ്പാന്‍, അമേരിക്ക ഉള്‍പ്പെടെ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള അഭ്യാസികളാണ് മല്‍സരാര്‍ത്ഥികളായി എത്തുക. 

world Karate championship to begin from November 16 in dubai

ഉദ്ഘാടന ചടങ്ങില്‍ വിവിധ രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കും. നവംബര്‍ 21ന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും സമ്മാനിക്കും. ലോകോത്തര പ്രോഗ്രാമുകളും സംരംഭങ്ങളും വിജയിപ്പിച്ച് ഖ്യാതിയുള്ള ദുബൈ കരാട്ടെ ലോക ചാമ്പ്യന്‍ഷിപ്പിലും അദ്ഭുതങ്ങള്‍ തീര്‍ക്കുമെന്ന് ഏഷ്യന്‍ കരാട്ടെ ഫെഡറേഷന്‍, യുഎഇ കരാട്ടെ ഫെഡറേഷന്‍ എന്നിവയുടെ പ്രസിഡന്റും വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍റസൂഖി പറഞ്ഞു. എല്ലാ കായിക പ്രേമികളെയും ഈ ചാമ്പ്യന്‍ഷിപ്പിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. 

ജനറല്‍ സ്പോര്‍ട്സ് അഥോറിറ്റി അസി.സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍മിദ്ഫ, യുഎഇ കരാട്ടെ ഫെഡറേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ബാസ്, അസി.സെക്രട്ടറി ജനറല്‍ ഹുമൈദ് ഷാമിഷ് മുഹമ്മദ് എന്നിവരും ഡിസൈന്‍ ഡിസ്ട്രിക്റ്റിലെ ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 11 വര്‍ഷം മുന്‍പ് തുടങ്ങിയ ശേഷം ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ 95 ഉന്നത ലോക മല്‍സരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2013ല്‍ നടന്ന ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിനും ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സായിരുന്നു വേദി. 

(ചിത്രം: ദുബൈ ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് സെക്രട്ടറി ജനറല്‍ സയ്യിദ് ഹാരിബ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു. ഏഷ്യന്‍ കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ അബ്ദുല്‍ റസാഖ് അല്‍റസൂഖി, ജനറല്‍ സ്പോര്‍ട്സ് അഥോറിറ്റി അസി.സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍മിദ്ഫ സമീപം)

Follow Us:
Download App:
  • android
  • ios