കേന്ദ്രമന്ത്രി മുഖ്‍താര്‍ അബ്ബാസ് നഖ്‍വിയാണ് ഇന്ത്യയുടെ അനുശോചനം നേരിട്ടെത്തി അറിയിച്ചത്

മസ്കറ്റ്: ആധുനിക ഒമാന്‍റെ ശില്‍പിയായ സുൽത്താൻ ഖാബൂസ് ബിൻ തൈമൂർ ബിൻ അൽ സൈദിന്‍റെ വിയോഗത്തിൽ പങ്കുചേരുന്നതിനായി തലസ്ഥാനനഗരിയായ മസ്കറ്റിലേക്കു ലോക നേതാക്കന്മാരുടെ പ്രവാഹം. അസാധാരണമായ കാഴ്ചക്കാണ് രാജ്യം കഴിഞ്ഞ മൂന്നു ദിവസമായി സാക്ഷ്യം വഹിച്ചു വരുന്നത്. നിരവധി രാഷ്ട്രനേതാക്കൾ മസ്‌കറ്റിലെ അൽ ആലം കൊട്ടാരത്തിൽ എത്തി, സുൽത്താൻ ഹൈതം ബിൻ താരിക്ക് ബിൻ തൈമൂർ അൽസൈദിനെ നേരിൽ കണ്ട് അനുശോചനങ്ങൾ അറിയിക്കുകയായിരുന്നു.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അബൂദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ്
മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് അമീർ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഇറാൻ വിദേശകാര്യമന്ത്രി
ഡോ. മുഹമ്മദ് ജവാദ് സരീഫ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, ബ്രിട്ടീഷ്
പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൾസ് രാജകുമാരൻ, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻവാലസ്, മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കളസ്
സാർകോസി, തുനീഷ്യൻ പ്രസിഡന്‍റ് കൈസ് സഈദ് തുടങ്ങിയവർ അൽ ആലം കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചവരിൽ
ഉൾപ്പെടുന്നു. കേന്ദ്രമന്ത്രി മുഖ്‍താര്‍ അബ്ബാസ് നഖ്‍വിയാണ് ഇന്ത്യയുടെ അനുശോചനം നേരിട്ടെത്തി അറിയിച്ചത് .

എലിസബത്ത് രാജ്ഞി, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിർ പുചിൻ, ഇന്ത്യൻ പ്രസിഡന്‍റ് റാം നാഥ് കോവിന്ദ്, ബ്രൂണൈ സുൽത്താൻ ഹാജി ഹസനൽ ബോൾക്കിയ, ലബനാൻ പ്രസിഡന്‍റ് മൈക്കൽ ഔൺസ് എന്നിവരുടെ അനുശോചന സന്ദേശങ്ങൾ ലഭിച്ചതായും ഒമാൻ വാർത്താ ഏജൻസിയുടെ കുറിപ്പിൽ പറയുന്നു.

ഓമനിലെങ്ങും ശോകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന, തങ്ങളുടെ വീട്ടിലെ ഒരു പ്രധാന അംഗം നഷ്ടപെട്ട ഒരു വികാരമാണ് രാജ്യത്തെ ഓരോ പൗരനും ഒപ്പം ഓരോ വിദേശിക്കും അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോട് കൂടി അനുശോചനങ്ങൾ സ്വീകരിക്കുന്ന ചടങ്ങ് അവസാനിച്ചു.

തുടർച്ചയായ മൂന്നാം ദിവസവും മസ്കത്ത് അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഭക്ഷണ സാധനങ്ങളടക്കം അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും ആശുപത്രികളും, മരുന്നുശാലകളും, ഭക്ഷണശാലകളും മാത്രമാണ്
തുറന്നിട്ടുള്ളത്. നിരത്തുകളിൽ വാഹനങ്ങളുടെ തിരക്കും നന്നേ കുറവാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചത്. ശനിയാഴ്ച മസ്‍കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം രാജകുടുംബ ശ്മശാനത്ത് പ്രത്യേകം തയ്യാറാക്കിയ മഖ്ബറയില്‍ അടക്കം ചെയ്യുകയുണ്ടായി. രാജ്യം നാല്‍പത് ദിവസത്തെ ദുഃഖാചരണം നടത്തും. ദുഃഖാചരണത്തിന്‍റെ ഭാഗമായി ദേശിയ പതാക താഴ്ത്തിക്കെട്ടുകയും, മസ്കറ്റ് ഫെസ്റ്റിവൽ പോലുളള എല്ലാ മേളകളും മറ്റു വിനോദ പരിപാടികളും നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കു രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.