ണ്ടു തവണ കോമണ്‍വെല്‍ത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സന്‍ഗ്രാം സിംഗും പാകിസ്താന്റെ മുന്‍നിര താരം മുഹമ്മദ് സഈദും തമ്മിലാണ് തീപാറുന്ന പോരാട്ടം.

വേള്‍ഡ് പ്രഫഷണല്‍ റസ്‌ലിംഗ് ഹബ് (ഡബ്‌ള്യു.പി.ഡബ്‌ള്യു.എച്ച്) ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ പ്രോ റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ് (ഐ.പി.ഡബ്‌ള്യു.സി) 2024 ഫെബ്രുവരി 24ന് ദുബൈ ശബാബ് അല്‍ അഹ്‌ലി ക്‌ളബ്ബില്‍ ഒരുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു തവണ കോമണ്‍വെല്‍ത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സന്‍ഗ്രാം സിംഗും പാകിസ്താന്റെ മുന്‍നിര താരം മുഹമ്മദ് സഈദും തമ്മിലാണ് തീപാറുന്ന പോരാട്ടം. കരുത്തും കായിക മികവും ഗുസ്തിയിലെ തന്ത്രങ്ങളും മാറ്റുരയ്ക്കുന്ന ശ്രദ്ധേയ മല്‍സരമാകുമിതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സന്‍ഗ്രാം സിംഗ് തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി അവിസ്മരണീയ പ്രകടനം കാഴ്ച വെക്കാന്‍ റിംഗില്‍ വീണ്ടുമെത്തുന്നത്. ഡബ്‌ള്യു.പി.ഡബ്‌ള്യു.എച്ച് ബ്രാന്റ് അംബാസഡറും പ്രമോട്ടറുമാണ് സന്‍ഗ്രാം സിംഗ്.

ശൈഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മല്‍സരം ഒരുക്കുന്നത്. രാജ്യാന്തര റസ്‌ലിംഗ് സെന്‍സേഷനുകളായ ഇല്യാസ് ബെക്ബുലാടോവ് (റഷ്യ), 2017ലെ യൂറോപ്യന്‍ റസ്‌ലിംഗ് ചാമ്പ്യന്‍ വേഴ്‌സസ് ഡാമണ്‍ കെംപ് (അമേരിക്ക), ആന്‍ഡ്രിയ കരോലിന (കൊളംബിയ), ഒളിംപ്യന്‍ വേഴ്‌സസ് വെസ്‌കാന്‍ സിന്തിയ (ഫ്രാന്‍സ്), ഒളിംപ്യന്‍ ബദര്‍ അലി (യുഎഇ), അറബ് ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് വേഴ്‌സസ് എംബോ ഇസോമി ആറോണ്‍ (കോംഗോ), സ്വര്‍ണ മെഡല്‍ ജേതാവ് ഗെയിംസ് ഓഫ് ലാ ഫ്രാങ്കോഫോണിസ്റ്റ്, മിമി ഹ്രിസ്‌തോവ (ബള്‍ഗേറിയ), ഒളിംപ്യന്‍ വേഴ്‌സസ് സ്‌കിബ മോണിക (പോളണ്ട്) എന്നിവര്‍ മല്‍സരത്തില്‍ അണിനിരക്കും.

''ഇന്റര്‍നാഷണല്‍ പ്രോ റസ്‌ലിംഗ് ചാമ്പ്യന്‍ഷിപ് 2024 പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഗുസ്തി താരങ്ങളുടെ അസാമാന്യ ശേഷിയും ശക്തിയും പ്രകടിപ്പിക്കുന്ന ആവേശകരമായ കായിക കാഴ്ചകള്‍ക്കായി നാമെല്ലാം കാത്തിരിക്കുകയാണ്. യുവാക്കളെ പ്രചോദിപ്പിക്കാനും പ്രഫഷണല്‍ ഗുസ്തിയുടെ ലോകത്ത് പ്രായം ഒരു തടസ്സമല്ലെന്ന് ഊന്നിപ്പറയാനുമുള്ള മികച്ച വേദിയായി ഈ തിരിച്ചുവരവ് മാറുമെന്ന് പ്രതീക്ഷിക്കുന്നു'' -ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് ഡബ്‌ള്യു.പി.ഡബ്‌ള്യു.എച്ചിന്റെ പര്‍വീണ്‍ ഗുപ്ത പറഞ്ഞു. ലോകമെങ്ങുമുള്ള ഗുസ്തി പ്രഫഷണലുകളെയും അമേച്വറുകളെയും ആകര്‍ഷിക്കാന്‍ ദുബൈയിലെ ഈ ചാംപ്യന്‍ഷിപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഗുസ്തി കായിക രംഗത്തെ ഈ അവിസ്മരണീയ ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനാകുന്നതില്‍ ദുബൈക്ക് അഭിമാനമുണ്ടെന്ന് സംരംഭകന്‍ ഇമ്രാന്‍ അഹമ്മദ് പറഞ്ഞു. വൈവിധ്യവും ആവേശകരവുമായ വിനോദങ്ങള്‍ക്ക് ആഗോള വേദിയൊരുക്കാനുള്ള ദുബൈ നഗരത്തിന്റെ പ്രതിബദ്ധതയുമായി ഈ ഇവന്റ് തികച്ചും യോജിക്കുന്നു. ചുറ്റുമുള്ള ഗുസ്തി പ്രേമികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ചാമ്പ്യന്‍ഷിപ് കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ് അനുവദിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു.