യൂസുഫിനെയും യാസീനെയും ബുധനാഴ്ച വൈകിട്ടാണ് യെമനിലെ ഹദറമൗത്തിലെ അല്‍ മുഖ്‌ല പട്ടണത്തില്‍ നിന്ന് സഖ്യസേനയുടെ സഹായത്തോടെ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ റിയാദിലെ കിങ് സല്‍മാന്‍ എയര്‍ ബേസില്‍ എത്തിച്ചത്.

റിയാദ്: സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം യെമനി സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും വിദഗ്ധ പരിശോധനകള്‍ക്കായി
റിയാദിലെത്തിച്ചു. തുടര്‍ചികിത്സയ്ക്കും സാധ്യമെങ്കില്‍ വേര്‍പെടല്‍ ശസ്ത്രക്രിയയ്ക്കും വേണ്ട വിദഗ്ധ പരിശോധനകള്‍ക്കായാണ് യെമനില്‍ നിന്ന് ഇരട്ടകളെ മാതാപിതാക്കള്‍ക്കൊപ്പം റിയാദിലെത്തിച്ചത്.

യൂസുഫിനെയും യാസീനെയും ബുധനാഴ്ച വൈകിട്ടാണ് യെമനിലെ ഹദറമൗത്തിലെ അല്‍ മുഖ്‌ല പട്ടണത്തില്‍ നിന്ന് സഖ്യസേനയുടെ സഹായത്തോടെ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ റിയാദിലെ കിങ് സല്‍മാന്‍ എയര്‍ ബേസില്‍ എത്തിച്ചത്. റിയാദിലെത്തിയ ഇവരെ പരിശോധനകള്‍ക്കായി കിങ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് വേണ്ട ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ച സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും കുഞ്ഞുങ്ങളുടെ പിതാവ് മുഹമ്മദ് അബ്ദുറഹ്മാന്‍ നന്ദി പറഞ്ഞു. സൗദിയില്‍ ലഭിച്ച സ്വീകരണത്തിനും രാജ്യം ചെയ്തുകൊണ്ടിരിക്കുന്ന മാനുഷിക പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

സയാമീസ് ഇരട്ടകളെ യെമനില്‍ നിന്ന് വേഗത്തില്‍ സൗദിയിലെത്തിക്കുന്നതിന് സഖ്യസേന നടത്തിയ ശ്രമങ്ങളെ സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം മേധാവിയും കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍റബീഅ എടുത്തുപറഞ്ഞു. ദുരിതബാധിതരായ രാജ്യത്തുള്ളവരോട് സൗദി കാണിക്കുന്ന മാനുഷികത പ്രതിഫലിപ്പിക്കുന്നതാണ് യെമനിലെ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 21 രാജ്യങ്ങളില്‍ നിന്നായി 116 സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തിച്ചിട്ടുണ്ടെന്ന് ഡോ അല്‍റബീഅ പറഞ്ഞു.