ഫുജൈറ: യുഎഇയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ ഫുജൈറ പൊലീസ് രക്ഷിച്ചു. കനത്ത മഴയില്‍ മസാഫിയിലെ പര്‍വത പ്രദേശത്താണ് 17കാരനായ സ്വദേശി യുവാവിനെ കാണാതായത്. തുടര്‍ന്ന് രണ്ട് ദിവസമായി ഇയാളെ കണ്ടെത്താനായി ഫുജൈറ പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.

ശനിയാഴ്ചയാണ് യുവാവിനെ കാണാതായതായി കുടുംബം അറിയിച്ചത്. പര്‍വതാരോഹണത്തിന് പോയപ്പോള്‍ യുവാവ് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതിരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‍കരമാക്കി. ഇയാളുടെ പിതാവ് വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് തെരച്ചില്‍ തുടങ്ങിയത്. യുവാവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളോടും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രദേശത്ത് വിശദമായ തെരച്ചില്‍ നടത്തിയ ഫുജൈറ പൊലീസ് തിങ്കളാഴ്ച യുവാവിനെ കണ്ടെത്തുകയായിരുന്നു.

സ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ഇയാളെ പൊലീസ് സംഘം വീട്ടിലെത്തിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ട്രക്കിങ് നടത്താന്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങള്‍ കരുതണം. ഒറ്റയ്ക്ക് പര്‍വതാരോഹണം നടത്തുന്നത് അപകടകരമാണ്. എവിടെയാണ് തങ്ങുന്നതെന്നതടക്കമുള്ള വിവരങ്ങള്‍ കുടുംബങ്ങളെ അറിയിക്കണം. മഴയുള്ള സമയങ്ങളില്‍ പര്‍വതപ്രദേശങ്ങളിലേക്കും താഴ്‍വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.