Asianet News MalayalamAsianet News Malayalam

ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് മാനസികമായ വെല്ലുവിളിയും മറികടന്ന്; പ്രശംസിച്ച് സഹീര്‍ ഖാന്‍

ശാരീരികമായി മാത്രമല്ല, മാനസികമായ വെല്ലുവിളികളും മറികടന്നാണ് ആര്‍ച്ചറുടെ തിരിച്ചുവരവ് എന്നാണ് മുംബൈ ഇന്ത്യന്‍ ക്രിക്കറ്റ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍റെ വാക്കുകള്‍

SA20 2023 Jofra Archer fighting mental and physical battle says Zaheer Khan
Author
First Published Jan 11, 2023, 9:19 PM IST

കേപ്‌ടൗണ്‍: പരിക്കിനോട് മല്ലിട്ട 541 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മത്സര ക്രിക്കറ്റിലേക്ക് മൂന്ന് വിക്കറ്റുമായി തിരിച്ചുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ദക്ഷിണാഫ്രിക്കന്‍ ടി20 ചാമ്പ്യന്‍ഷിപ്പില്‍ പാള്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ എം ഐ കേപ്‌ടൗണിനായാണ് ആര്‍ച്ചര്‍ ഗംഭീര ബൗളിംഗ് കാഴ്‌ചവെച്ചത്. ശാരീരികമായി മാത്രമല്ല, മാനസികമായ വെല്ലുവിളികളും മറികടന്നാണ് ആര്‍ച്ചറുടെ തിരിച്ചുവരവ് എന്നാണ് മുംബൈ ഇന്ത്യന്‍ ക്രിക്കറ്റ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍റെ വാക്കുകള്‍. 

'പരിക്കും തിരിച്ചുവരവും ജോഫ്ര ആര്‍ച്ചറെ സംബന്ധിച്ച് വൈകാരികമായ ഒന്ന് കൂടിയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കുമ്പോള്‍, കരിയര്‍ വലിയ ചോദ്യചിഹ്നമായിരിക്കുമ്പോള്‍ എങ്ങനെ തിരിച്ചെത്തും എന്നത് വലിയ വെല്ലുവിളിയാണ്. എല്ലാ കഠിന പരിശ്രമവും നടത്തിയേ തിരിച്ചുവരാനാകൂ. അതോടൊപ്പം വലിയ ക്ഷമയും കാണിക്കണം. ശാരീരികമായ പോരാട്ടം മാത്രമല്ല, മാനസികമായ പോരാട്ടം കൂടിയാണ് ആര്‍ച്ചര്‍ കാഴ്‌ചവെച്ചത്. പരിക്ക് ആരുടെയും നിയന്ത്രണത്തിലല്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച പ്രകടനം പുറത്തെടുക്കുക എപ്പോഴും വെല്ലുവിളിയാണ്. ഏറെ ഊര്‍ജം വേണ്ടിവരും' എന്നും സഹീര്‍ സ്പോര്‍ട്‌സ് 18നോട് പറഞ്ഞു. 

ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ 15 മാസത്തിനിടെ നാല് ശസ്‌ത്രക്രിയകള്‍ക്കാണ് ജോഫ്ര ആര്‍ച്ചര്‍ വിധേയനായത്. 2021ല്‍ വിരലിന് പരിക്കേറ്റ താരം പിന്നീട് കൈമുട്ടിലും നടുവിനും ചികില്‍സയ്ക്ക് വിധേയനായിരുന്നു. രണ്ട് ശസ്‌ത്രക്രിയകള്‍ കൈമുട്ടിന് വേണ്ടിവന്നു. പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കിലും കഴിഞ്ഞ സീസണില്‍ ഐപിഎൽ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യൻസ് ജോഫ്രാ ആ‌ർച്ചറെ സ്വന്തമാക്കിയിരുന്നു.

ആര്‍ച്ചര്‍ പന്ത് കൊണ്ടും ഡെവാള്‍ഡ് ബ്രെവിസ് ബാറ്റ് കൊണ്ടും തിളങ്ങിയ മത്സരം എം ഐ കേപ്‌ടൗണ്‍ എട്ട് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത പാള്‍ റോയല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 142 റണ്‍സാണ് നേടിയത്. 42 പന്തില്‍ 51 റണ്‍സ് ജോസ് ബട്‌ലറായിരുന്നു ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ 31 പന്തില്‍ 42 റണ്‍സെടുത്തു. ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 27 റണ്ണിന് മൂന്ന് വിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ ബ്രെവിസ് 41 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ 70 റണ്‍സടിച്ചപ്പോള്‍ എം ഐ കേപ്‌ടൗണ്‍ 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 

തകര്‍ത്തടിച്ച് ഡെവാള്‍ഡ് ബ്രെവിസ്; തിരിച്ചുവരവില്‍ തിളങ്ങി ആര്‍ച്ചര്‍; എം ഐ കേപ്‌ടൗണിന് തകര്‍പ്പന്‍ ജയം 

 
Follow Us:
Download App:
  • android
  • ios