ആഗോളതാപനത്തിന് ആക്കംകൂട്ടുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നായ മീഥെയ്‌ന്‍ അന്‍റാർട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള വിള്ളലുകളിലൂടെ പുറത്തുവരുന്നു. മീഥെയ്‌ന്‍ ചോര്‍ച്ച അടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമോ എന്ന് ആശങ്ക. 

ആഗോളതാപനത്തിന്‌ കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നായ മീഥെയ്ൻ അന്‍റാർട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള വിള്ളലുകളിലൂടെ അപകടകരമായ വേഗതയിൽ പുറത്തുവരുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞർ. നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്, ദക്ഷിണ സമുദ്രത്തിലെ റോസ് കടലിലുള്ള ആഴം കുറഞ്ഞ ഭാഗത്ത് (16 മുതൽ 790 അടി വരെ ആഴം) 40-ൽ അധികം മീഥെയ്ൻ ചോർച്ചകൾ (methane seeps) ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞതായാണ്. കപ്പൽ ഉപയോഗിച്ചുള്ള അക്കോസ്റ്റിക് സർവേകൾ, വിദൂര നിയന്ത്രിത വാഹനങ്ങൾ (ROVs), മുങ്ങൽ വിദഗ്‌ധർ എന്നിവയുടെ സഹായത്തോടെയാണ് മീഥെയ്ൻ ചോർച്ചകൾ കണ്ടെത്തിയത്. ശക്തമായ ഹരിതഗൃഹ വാതകമായ മീഥെയ്‌ന്‍ ചോരുന്നത് ആഗോള കാലാവസ്ഥ താറുമാറാക്കിയേക്കാമെന്ന ആശങ്ക ഇതോടൊപ്പം ഉയരുന്നു.

ഉയരുന്ന മീഥെയ്ൻ ചോർച്ചയും ആശങ്കകളും

മുമ്പ് അന്‍റാർട്ടിക്കില്‍ ഒരൊറ്റ സജീവ മീഥെയ്ൻ ചോർച്ച മാത്രമേ സ്ഥിരീകരിച്ചിരുന്നുള്ളൂ. "ഇത്രയധികം പുതിയ മീഥെയ്ൻ ചോർച്ചകൾ കണ്ടെത്തിയത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്, വിരളമാണെന്ന് കരുതിയിരുന്ന മീഥെയ്ൻ ചോര്‍ച്ച ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്"- എർത്ത് സയൻസസ് ന്യൂസിലൻഡിലെ മറൈൻ ശാസ്ത്രജ്ഞയും പഠനത്തിന്‍റെ സഹ രചയിതാവുമായ സാറാ സീബ്രൂക്ക് അഭിപ്രായപ്പെട്ടു. സമുദ്രാടിത്തട്ടില്‍ കണ്ടെത്തിയ മീഥെയ്ൻ ചോർച്ചകളിൽ പലതും മുമ്പ് പഠനം നടത്തിയിരുന്ന സ്ഥലങ്ങളിലാണ്. അന്‍റാര്‍ട്ടിക് മേഖലയിലെ മീഥെയ്ൻ ബഹിര്‍ഗമനത്തില്‍ അപകടകരമായ മാറ്റം സംഭവിച്ചതിന്‍റെ സൂചനകളാണ് ഇവ നൽകുന്നതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഈ മീഥെയ്ൻ ചോർച്ചകളുടെ ദ്രുതഗതിയിലുള്ള ആവിർഭാവം ശാസ്ത്രജ്ഞർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഓരോ ചോർച്ചകൾ കണ്ടെത്തിയപ്പോളും ഗവേഷകർ ആദ്യം ആവേശഭരിതരായെങ്കിലും അത് പെട്ടന്നുതന്നെ ആശങ്കയ്ക്കും ഉത്കണ്ഠയിലേക്കും വഴിമാറി. മീഥെയ്ൻ അതിവേഗം അന്തരീക്ഷത്തിലേക്ക് എത്തിച്ചേരുകയും ഭൂമിയിലെ താപനില ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യുമോ എന്നതാണ് പ്രധാന ഭയം. കൂടാതെ, ഈ മീഥെയ്ൻ ചോർച്ചകൾ സമുദ്രത്തിലെ ആവാസവ്യവസ്ഥയെ താളം തെറ്റിക്കാനും പ്രാദേശിക സമുദ്രജീവികളിൽ തുടർച്ചയായ പ്രത്യാഘാതങ്ങൾ (cascading impacts) ഉണ്ടാക്കാനും സാധ്യതയുണ്ടെന്നും ഗവേഷകയായ സാറാ സീബ്രൂക്ക് പറഞ്ഞു.

മീഥെയ്ൻ ചോർച്ചയും കാലാവസ്ഥാ വ്യതിയാനവും

സമുദ്രത്തിന്‍റെ അടിത്തട്ടില്‍ മീഥെയ്ൻ ചോർച്ചകൾ സംഭവിക്കുന്നതിന്‍റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, കാലാവസ്ഥാ മാറ്റവുമായി ഉണ്ടാവാനിടയുള്ള ബന്ധങ്ങൾ ഗവേഷകർ പരിശോധിക്കുന്നുണ്ട്. ആർട്ടിക് മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തെളിവായി സാറാ സീബ്രൂക്ക് ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിക് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്ന താപനില, കടൽനിരപ്പിലെ മാറ്റങ്ങൾ എന്നിവ മീഥെയ്ൻ ബഹിര്‍ഗമനത്തിന്‍റെ വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ മാറ്റം മീഥേൻ ചോർച്ച വർധിപ്പിക്കുകയും, അത് വീണ്ടും കൂടുതല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നും ഒരു ഫീഡ്ബാക്ക് ലൂപ്പ് ഇത് സൃഷ്‌ടിക്കാമെന്നും സാറാ സീബ്രൂക്ക് കൂട്ടിച്ചേർത്തു. ആഗോളതാപനം തുടരുകയാണെങ്കിൽ ഈ മീഥെയ്ൻ ചോർച്ചകൾ വരാനിരിക്കുന്ന അപകടത്തിന്‍റെ പ്രഭവകേന്ദ്രമായി മാറിയേക്കാമെന്ന് കാലിഫോർണിയ സർവകലാശാലയിലെ മറൈൻ ബയോളജി പ്രൊഫസറും പഠനത്തിന്‍റെ രചയിതാക്കളിൽ ഒരാളുമായ ആൻഡ്രൂ തർബർ മുന്നറിയിപ്പ് നല്‍കുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്